ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനിടെ കളിക്കാരുടെ പോലും കൈയടി നേടിയ പ്രണയാഭ്യര്‍ത്ഥന- വീഡിയോ

Marriage proposal during Australia vs India Second ODI

പലരുടേയും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലും കഴിഞ്ഞ ദിവസം ഇടം പിടിച്ച ഒരു വീഡിയോയുണ്ട്. മനോഹരമായ ഒരു പ്രണയാഭ്യര്‍ത്ഥനയുടെ വീഡിയോ. ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ ഈ പ്രൊപ്പോസല്‍ സൈബര്‍ ഇടങ്ങളില്‍ വൈറലാണ്.

ഇന്ത്യന്‍ ഇന്നിങ്‌സ് 20 ഓവര്‍ പിന്നിട്ട ശേഷമായിരുന്നു ഗാലറിയില്‍ ഈ പ്രണയാഭ്യര്‍ത്ഥന. ഓസ്‌ട്രേലിയന്‍ പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന ഇന്ത്യന്‍ ആരാധകന്‍ പലരുടേയും ഹൃദയം കവര്‍ന്നു. കളിക്കളത്തില്‍ പോരാട്ടം കനത്തപ്പോള്‍ ഗാലറി സ്‌നേഹം കൊണ്ടു നിറഞ്ഞു. പ്രണായാഭ്യര്‍ത്ഥന ഓസ്‌ട്രേലിയന്‍ പെണ്‍കുട്ടി സ്വീകരിക്കുകയും ചെയ്തു.

Read more: ആന്റണി പെരുമ്പാവൂരിന്റെ മകളുടെ മനസ്സമ്മത വീഡിയോ; നിറസാന്നിധ്യമായി മോഹന്‍ലാലും

അതേസമയം രണ്ട് ഏകദിനങ്ങളിലും ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഏകദിന പരമ്പര നഷ്ടമായി. 51 റണ്‍സിനായിരുന്നു ഇന്നലെ സിഡ്‌നിയില്‍ വെച്ചുനടന്ന രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയുടെ വിജയം. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത അമ്പത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ 389 റണ്‍സ് അടിച്ചെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ലക്ഷ്യം മറികടക്കാനായില്ല. അമ്പത് ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. 64 പന്തില്‍ നിന്നുമായി 104 റണ്‍സ് അടിച്ചെടുത്ത സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറി മികവാണ് ഓസ്ട്രേലിയന്‍ ടീമിന് കൂടുതല്‍ കരുത്ത് പകര്‍ന്നത്. 77 പന്തില്‍ നിന്നുമായി 83 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറും മികച്ച പിന്തുണ നല്‍കി.

Story highlights: Marriage proposal during Australia vs India  Second ODI