മോഹൻലാൽ നായകനാകുന്ന ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’- ചിരിയും ആക്ഷനുമായി പുതിയ ചിത്രം

November 15, 2020

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’ എന്ന് പേരുനല്കി. ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്.

ആക്ഷനും കോമഡിയും ഒരുപോലെ കൈകാര്യം ചെയ്യുന്ന എന്റർടെയ്നറായാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രം ഒരുങ്ങുന്നത്. നവംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ ശ്രദ്ധ ശ്രീനാഥാണ് നായിക. നെയ്യാറ്റിൻകരയിൽ നിന്നും പാലക്കാട്ടേക്ക് ഒരു ദൗത്യവുമായി യാത്ര ചെയ്യുന്ന മോഹൻലാലിൻറെ ഗോപൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ പ്രമേയം. എല്ലാ കൊവിഡ് പ്രോട്ടോക്കോളും പാലിച്ച് ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടി’ന് ഹൈദരാബാദിലും ഷൂട്ടിങ്ങുണ്ട്.

മോഹൻലാൽ, ശ്രദ്ധ ശ്രീനാഥ് എന്നിവരെ കൂടാതെ നെടുമുടി വേണു, സായികുമാർ, സിദ്ദിഖ്, അശ്വിൻ കുമാർ, രചന നാരായണൻകുട്ടി, ജോണി ആന്റണി, വിജയരാഘവൻ, നന്ദു, സ്വാസിക എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.വിപുലമായ ആക്ഷൻ രംഗങ്ങളുമായാണ് ബി ഉണ്ണികൃഷ്ണൻ ചിത്രം ഒരുങ്ങുന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം പലരും അകലം പാലിക്കുന്നതിന്റെ ഭാഗമായി ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. എന്നാൽ, കൂടുതൽ കരുതലോടെ ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്തിയാണ് മോഹൻലാൽ ചിത്രം ഒരുങ്ങുന്നത്.

സിനിമയിൽ സ്റ്റണ്ട് മാസ്റ്ററും ഏഴോളം സഹായികളും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവർ ഏഴുദിവസം ക്വാറന്റീനിൽ തുടർന്നതിന് ശേഷം ഷൂട്ടിങ്ങിൽ പങ്കെടുക്കും.

ചിത്രത്തിൽ ഐ എ എസ് ഓഫീസറുടെ വേഷത്തിൽ ശ്രദ്ധ ശ്രീനാഥാണ് എത്തുന്നത്. കോഹിനൂർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ മുൻപ് ശ്രദ്ധ വേഷമിട്ടിരുന്നത്. അഞ്ചു വർഷത്തിന് ശേഷമാണ് വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. ലോക്ക് ഡൗണിന് ശേഷം ശ്രദ്ധ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

Read More: കുഞ്ഞിനെ മുട്ടിലിഴയാൻ പഠിപ്പിക്കുന്ന നായക്കുട്ടി; സ്നേഹം നിറച്ചൊരു വീഡിയോ

ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ഗ്രാമ പശ്ചാത്തലമാണ്. 2021 ഓണം റിലീസ് ലക്ഷ്യമിടുന്ന ചിത്രത്തിൽ അഭിനയിക്കുന്നവരും അണിയറപ്രവർത്തകരും ഏഴുദിവസത്തെ ക്വാറന്റീന് ശേഷമാണ് സെറ്റിലേക്ക് എത്തുക.

Story highlights- mohanlal- b unnikrishnan movie