‘ആ ലാളിത്യം എന്നെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധികയാക്കി; അദ്ദേഹം ശരിക്കും ഒരു രത്നമാണ്’- മോഹൻലാലിനെക്കുറിച്ച് നേഹ സക്‌സേന

‘കസബ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായ നേഹ സക്‌സേന അടുത്തതായി വേഷമിടുന്ന ചിത്രമാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. മോഹൻലാലിനൊപ്പം വീണ്ടും അഭിനയിക്കുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് നടി. ന . ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന ചിത്രത്തിലാണ് മുൻപ് മോഹൻലാലിനൊപ്പം നേഹ അഭിനയിച്ചിട്ടുള്ളത്. നടനൊപ്പമുള്ള ചിത്രമാണ് നടി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തോടൊപ്പം വീണ്ടും പ്രവർത്തിക്കാൻ സാധിച്ചതിന്റെ അനുഭവത്തെക്കുറിച്ച് മനോഹരമായ ഒരു കുറിപ്പും നേഹ എഴുതിയിട്ടുണ്ട്.

‘ഇതിഹാസ താരമായ ലാലേട്ടനൊപ്പം രണ്ടാമതും അഭിനയിക്കാൻ അവസരം ലഭിച്ചതിന് ദൈവത്തോട് നന്ദി പറയുകയാണ്. സ്വാഗത മനോഭാവമുള്ള, നല്ല പിന്തുണയുമുള്ള വ്യക്തിയാണ് അദ്ദേഹം’ നേഹ സക്‌സേന കുറിക്കുന്നു. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ അഭിനയിച്ച അനുഭവവും നടി പങ്കുവയ്ക്കുന്നു. ‘എന്റെ ആദ്യത്തെ മലയാള ചിത്രമായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിനായി ഞാൻ അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോൾ എനിക്ക് വളരെ പരിഭ്രാന്തി ഉണ്ടായിരുന്നു, കാരണം മലയാളത്തിൽ ഒരു വാക്ക് പോലും അറിയില്ലായിരുന്നു, പക്ഷേ എന്റെ ഡയലോഗ് പഠനത്തിൽ അദ്ദേഹം എന്നെ സഹായിച്ചു .ആ ലാളിത്യം എന്നെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധികയാക്കി. ഇത്തവണ ആറാട്ട് സെറ്റിൽ‌ ഞാൻ‌ അദ്ദേഹത്തെ കണ്ടപ്പോൾ‌ വീണ്ടും പരിഭ്രാന്തയായി, പക്ഷേ സെറ്റിലെ അദ്ദേഹത്തിന്റെ പുഞ്ചിരിയും ഊഷ്മളമായ സ്വാഗതവും എന്നെ വളരെ ആത്മവിശ്വാസത്തിലാക്കി… പുതിയ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ആത്മവിശ്വാസം വവർധിപ്പിക്കുകയും ചെയ്യുന്ന രീതി തീർച്ചയായും അദ്ദേഹത്തിന്റെ മികച്ച ഗുണമാണ്. അദ്ദേഹം ശരിക്കും ഒരു രത്നമാണ് . ആറാട്ട് എന്ന ചിത്രം അദ്ദേഹത്തോടൊപ്പം ചെയ്യുന്നതിൽ ഞാൻ അഭിമാനിക്കുന്നു’ നേഹയുടെ വാക്കുകൾ.

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്.  ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ആക്ഷനും കോമഡിയും ഒരുപോലെ കൈകാര്യം ചെയ്യുന്ന എന്റർടെയ്നറായാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രം ഒരുങ്ങുന്നത്.

നെയ്യാറ്റിൻകരയിൽ നിന്നും പാലക്കാട്ടേക്ക് ഒരു ദൗത്യവുമായി യാത്ര ചെയ്യുന്ന മോഹൻലാലിൻറെ ഗോപൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ പ്രമേയം. എല്ലാ കൊവിഡ് പ്രോട്ടോക്കോളും പാലിച്ച് ചിത്രീകരണം ആരംഭിച്ച ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടി’ന് ഹൈദരാബാദിലും ഷൂട്ടിങ്ങുണ്ട്.

മോഹൻലാൽ, ശ്രദ്ധ ശ്രീനാഥ് എന്നിവരെ കൂടാതെ നെടുമുടി വേണു, സായികുമാർ, സിദ്ദിഖ്, അശ്വിൻ കുമാർ, രചന നാരായണൻകുട്ടി, ജോണി ആന്റണി, വിജയരാഘവൻ, നന്ദു, സ്വാസിക എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.വിപുലമായ ആക്ഷൻ രംഗങ്ങളുമായാണ് ബി ഉണ്ണികൃഷ്ണൻ ചിത്രം ഒരുങ്ങുന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം പലരും അകലം പാലിക്കുന്നതിന്റെ ഭാഗമായി ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. എന്നാൽ, കൂടുതൽ കരുതലോടെ ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്തിയാണ് മോഹൻലാൽ ചിത്രം ഒരുങ്ങുന്നത്.

Story highlights- neha saxena about mohanlal