പഠിക്കാൻ പണം വേണ്ട, പകരം തേങ്ങയും മുരിങ്ങയിലയും മതി- വ്യത്യസ്ത ആശയവുമായി ഒരു കോളേജ്

November 5, 2020

കൊവിഡ് കാലത്ത് ഒട്ടേറെ ആളുകളെ സാമ്പത്തിക പ്രതിസന്ധി ബുദ്ധിമുട്ടിക്കുന്നുണ്ട്. കൊവിഡ് ബാധ പല രാജ്യങ്ങളിലും ഭാഗികമായും പൂർണമായും മാറിയ സാഹചര്യത്തിൽ പഠന കേന്ദ്രങ്ങളൊക്കെ പുനഃരാരംഭിച്ചിരിക്കുകയാണ്. വിദ്യാർത്ഥികളെ സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസം നേടാൻ സാമ്പത്തിക ഭദ്രത ആവശ്യമാണ്. പ്രതിസന്ധി ഘട്ടത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ആശ്വാസമാകുകയാണ് ഒരു ഇന്തോനേഷ്യൻ കോളേജ്.

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് ഫീസ് അടയ്ക്കാൻ ബാലിയിലെ ഹോസ്പിറ്റാലിറ്റി സ്കൂളായ വീനസ് വൺ ടൂറിസം അക്കാദമി കണ്ടെത്തിയിരിക്കുന്നത് വൈവിധ്യമാർന്ന ഒരു മാർഗമാണ്. വിദ്യാർത്ഥികൾക്ക് ഇവിടെ തേങ്ങ ഫീസായി നൽകാം. ഇങ്ങനെ ലഭിക്കുന്ന തേങ്ങ വിർജിൻ കോക്കനട്ട് ഓയിലാക്കി മാറ്റി വിൽപ്പനയ്ക്ക് വെച്ച് കോളേജിന് വരുമാനമാക്കാം. തേങ്ങയ്ക്ക് പുറമെ മുരിങ്ങയില, ബ്രഹ്മി എന്നിവയും ഫീസായി സ്വീകരിക്കും.

കൊവിഡ് കാലത്തെ സാമ്പത്തിക ദുരിതങ്ങൾ പല വിദ്യാർത്ഥികളെയും ക്ലാസ് മുറിയിൽ നിന്ന് മാറ്റിനിർത്താൻ സാധ്യതയുണ്ടെന്ന് മാനേജ്‌മെന്റ് മനസ്സിലാക്കിയതിനെ തുടർന്നാണ് ഈ പദ്ധതി നടപ്പാക്കിയത്. മൂന്നുതവണയായി ഇങ്ങനെ ഫീസ് അടയ്ക്കാം.

Read More: റിലീസിനൊരുങ്ങി ‘ഇസാക്കിന്റെ ഇതിഹാസം’; ചിത്രം എത്തുന്നത് നീസ്ട്രീം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ

ഔഷധ സസ്യങ്ങൾ ഉപയോഗിച്ചും വിദ്യാർത്ഥികൾക്ക് ഫീസ് അടയ്ക്കാം. അവ ഹെർബൽ സോപ്പാക്കി മാറ്റി വില്പനയ്ക്ക് വയ്ക്കും. ഇത്, സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് ഒരു സഹായഹസ്തം നൽകുക മാത്രമല്ല, സംരംഭകത്വത്തിൽ ഒരു പരിശീലനം കൂടിയാണ് കുട്ടികൾക്ക് സമ്മാനിക്കുന്നത്.

Story highlights- new payment model of Bali college