പിയാനിസ്റ്റിനൊപ്പം സംഗീതം ആസ്വദിക്കുന്ന കുരങ്ങന്മാർ; വീഡിയോ വൈറൽ

November 26, 2020

വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമാണ് സംഗീതം. പ്രായഭേദമില്ലാതെ എല്ലാവരും ആസ്വദിക്കാറുമുണ്ട് സംഗീതം. ഇപ്പോഴിതാ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുകയാണ് മനോഹരമായ ഒരു സംഗീത ആസ്വാദനത്തിന്റെ വീഡിയോ. ഇത്തവണ സംഗീതം ആസ്വദിക്കുന്നത് മനുഷ്യൻ അല്ലെന്ന് മാത്രം. കൈവിരലുകളില്‍ സംഗീതം നിറച്ച് പിയാനോ വായിക്കുന്ന ബ്രിട്ടീഷ് സംഗീതജ്ഞൻ പോൾ ബാർട്ടന്റെ ചുറ്റിനുമിരുന്ന് സംഗീതം ആസ്വദിക്കുന്ന കുട്ടികുരങ്ങന്മാരുടെ വീഡിയോയാണ് സോഷ്യൽ ഇടങ്ങളിൽ കൗതുകമാകുന്നത്.

പോൾ ബാർട്ടൻ പിയാനോ വായിക്കുമ്പോൾ കുരങ്ങന്മാർ അദ്ദേഹത്തിന്റെ തലയിലും കഴുത്തിലും കയറിയിരിക്കുന്നതും പിയാനോയുടെ മുകളിലൂടെ ചാടുന്നതും ചിലർ ആസ്വദിച്ച് ഇരിക്കുന്നതുമൊക്കെ ദൃശ്യങ്ങളിൽ കാണുന്നുണ്ട്. വാനരന്മാർ ദേഹത്തുകൂടി കയറിയിറങ്ങുമ്പോഴും ശ്രദ്ധ പതറാതെ പിയാനോ വായിക്കുകയാണ് പോൾ ബാർട്ടർ.

ലോകം മുഴുവൻ കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ സംഗീതം പലർക്കും ആസ്വാദനം നൽകുന്ന ഒന്നാണ്. എന്നാൽ മനുഷ്യനെപ്പോലെത്തന്നെ ഇത്തരം സംഗീത വിരുന്നുകൾ മൃഗങ്ങൾക്കും ശാന്തത നൽകും എന്നാണ് പോൾ ബാർട്ടൻ അഭിപ്രായപ്പെടുന്നത്.

Read also: സൂപ്പർതാരങ്ങൾ ഒരേ ഫ്രെയിമിൽ; അപൂർവ ചിത്രം ശ്രദ്ധ നേടുന്നു

സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ട വീഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സംഗീതം ഒരു മരുന്നാണ്, എല്ലാ വിഷമഘട്ടങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് സംഗീതം നൽകുമെന്ന് പറയുന്നവരും നിരവധിയാണ്. മൃഗങ്ങൾക്ക് വേണ്ടി സംഗീതവിരുന്ന് ഒരുക്കിയ പോൾ ബാർട്ടനെ പ്രശംസിച്ചും നിരവധിപ്പേർ എത്തുന്നുണ്ട്.

Story Highlights: pianist performs music to monkeys