‘നന്ദിയുടെ ഈ ലിസ്റ്റാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം’; നക്ഷത്രയെക്കുറിച്ച് പൂര്‍ണിമ ഇന്ദ്രജിത്

Poornima Indrajith About Nakshathra

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് പൂര്‍ണിമ ഇന്ദ്രജിത്. ഇടയ്ക്കിടെ കുടുംബ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇന്ദ്രജിത് സുകുമാരന്റേയും പൂര്‍ണിയമയുടേയും ഇളയമകള്‍ നക്ഷത്രയുടെ ഒരു പുസ്തകത്തെക്കുറിച്ചുള്ള വിശേഷങ്ങളാണ് പൂര്‍ണിമ പങ്കുവെച്ചിരിക്കുന്നത്.

നന്ദി കൊണ്ടു നിറഞ്ഞിരിക്കുകയാണ് ഈ കൊച്ചു പുസ്തകം. തനിക്ക് ലഭിച്ച അറിവുകള്‍ക്കും മനോഹരമായ കുടുംത്തിനും തെറ്റുകള്‍ സംഭവിക്കുമ്പോള്‍ അത് തിരുത്താന്‍ ശ്രമിക്കുന്ന മനസ്സിനുമെല്ലാം നക്ഷത്ര നന്ദി കുറിച്ചിരിക്കുന്നു. നന്ദിയുടെ ഈ ലിസ്റ്റ് തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം എന്നു കുറിച്ചുകൊണ്ടാണ് പുസ്തകത്തിന്റെ ചിത്രം പൂര്‍ണിമ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

അതേസമയം ബോളിവുഡിലും സാന്നിധ്യമറിയിക്കുകയാണ് പൂര്‍ണിമ ഇന്ദ്രജിത്. അടുത്തിടെ മകള്‍ പ്രാര്‍ത്ഥന ഇന്ദ്രജിത് തായിഷ് എന്ന ചിത്രത്തിലൂടെ ബോളിവുഡ് പിന്നണി ഗാനരംഗത്തേക്ക് ചുവടുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൂര്‍ണിമയുടെ ബോളിവുഡ് പ്രവേശനം. കോബാള്‍ട്ട് ബ്ലൂ എന്നാണ് പൂര്‍ണിമ അഭിനയിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ പേര്.

സച്ചിന്‍ കുന്ദല്‍ക്കര്‍ ആണ് സിനിമയുടെ സംവിധാനം. ഹിന്ദി- ഇംഗ്ലീഷ് സിനിമയാണ് കോബാള്‍ട്ട് ബ്ലൂ. സച്ചിന്‍ എഴുതിയ കോബാള്‍ട്ട് ബ്ലൂ എന്ന മറാത്തി നോവലിനെ അധികരിച്ചാണ് സിനിമ ഒരുങ്ങുന്നത്. പ്രതീക് ബബ്ബര്‍ ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നു. ഒരു വീട്ടില്‍ കഴിയുന്ന രണ്ട് സഹോദരിമാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

നായികയായും സഹനടിയായുമെല്ലാം മലയാളസിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമാണ് പൂര്‍ണിമ ഇന്ദ്രജിത്. എന്നാല്‍ ഇടക്കാലത്ത് സിനിമയില്‍ നിന്നും വിട്ടുനിന്ന താരം അവതാരകയായും മിനിസ്‌ക്രീനില്‍ തിളങ്ങി. രണ്ടാം ഭാവം, വര്‍ണ്ണക്കാഴ്ചകള്‍, വല്യേട്ടന്‍, നാറാണത്തു തമ്പുരാന്‍, ഉന്നതങ്ങളില്‍, മേഖമല്‍ഹാര്‍, ഡാനി എന്നിവയാണ് പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രധാന സിനിമകള്‍.

നീണ്ട ഇടവേളയ്ക്ക് ശേഷം നിപ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം നിര്‍വഹിച്ച വൈറസ് എന്ന ചിത്രത്തിലും പൂര്‍ണിമ ഇന്ദ്രജിത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. നിവിന്‍ പോളി നായകനായെത്തുന്ന തുറുമുഖം എന്ന ചിത്രത്തിലും പൂര്‍ണിമ ഇന്ദ്രജിത് കഥാപാത്രമായെത്തുന്നുണ്ട്.

Story highlights: Poornima Indrajith About Nakshathra