വിലയേറെയാണ് ഓരോ ജീവനും; ശ്രദ്ധനേടി ‘പ്രാണന്‍’

November 12, 2020
Pranan short film

മിനിറ്റുകളുടെ ദൈര്‍ഘ്യം മാത്രമേയുള്ളുവെങ്കിലും ചില ഹ്രസ്വ ചിത്രങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പങ്കുവയ്ക്കാനുണ്ടാകും. ചിലപ്പോള്‍ ഒരു സിനിമ സംസാരിക്കുന്ന അത്രയും. മറ്റ് ചിലപ്പോള്‍ ഒരു സിനിമയെക്കാളും അധികമായി ഹ്രസ്വചിത്രങ്ങള്‍ സംസാരിച്ചേക്കാം. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് പ്രാണന്‍ എന്ന ഹ്രസ്വചിത്രം.

സമകാലിക സംഭവങ്ങളുടെ പ്രതിഫലനമാണ് ഈ ഹ്രസ്വചിത്രം. സിനിമാഗ്രാമത്തിന്റെ നേതൃത്വത്തിലാണ് പ്രാണന്‍ ഒരുക്കിയിരിക്കുന്നത്. ആധുനിക കാലത്തെ മനുഷ്യ മനസ്സിനെകുറിച്ചും സഹജീവികളോടുള്ള മനുഷ്യന്റെ സമീപനങ്ങളെ കുറിച്ചുമാണ് ചിത്രം വിവരിക്കുന്നത്. മനുഷ്യന്റെ തെറ്റായ സമീപനമാണ് ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് പ്രാണന്‍ ചൂണ്ടി കാട്ടുന്നു.

സൗത്ത് ഇന്ത്യന്‍ ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ മികച്ച ചിത്രമായി തെരെഞ്ഞെടുത്ത ലൈഫ് ഓഫ് ആന്റ്‌സ് അണിയിച്ചൊരുക്കിയ രജീഷ് ആര്‍ പൊതാവൂരാണ് ചിത്രത്തിന്റെ ക്യാമറയും, സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. നിരവധി കലോത്സവ വേദികളിലും കൊച്ചു സിനിമകളിലും തന്റേതായ ശൈലി പതിപ്പിച്ച ജിതേഷ് ചെറുവത്തൂര്‍ പ്രാണന്റ കഥയും തിരക്കഥയും രചിച്ചിരിക്കുന്നു.

Story highlights: Pranan short film