കായികലോകത്തെ പോലും അമ്പരപ്പിച്ച സിന്ധുവിന്റെ ‘വിരമിക്കല്‍’ പ്രഖ്യാപനം; പിന്നാലെ ട്വിസ്റ്റ്

PV Sindhu s cryptic post sends shock waves on social media

ഇന്ത്യന്‍ ബാഡ്മിന്റണ്‍ രംഗത്തെ തിളങ്ങുന്ന നക്ഷത്രമാണ് പി വി സിന്ധു. ഒരു ട്വീറ്റ് കൊണ്ട് കായകിലോകത്തെ പോലും അമ്പരപ്പിച്ചിരിക്കുകയാണ് താരം. ‘ഡെന്‍മാര്‍ക്ക് ഓപ്പണാണ് അവസാനത്തേത്. ഞാന്‍ വിരമിക്കുന്നു’ എന്നായിരുന്നു സിന്ധുവിന്റെ ട്വീറ്റ്.

പലരും ട്വീറ്റില്‍ അതിശയിച്ചെങ്കിലും പി വി സിന്ധുവിന്റെ ഈ ട്വീറ്റിലുമുണ്ട് ഒരു ട്വിസ്റ്റ്. യഥാര്‍ത്ഥത്തില്‍ കൊവിഡിനെക്കുറിച്ചായിരുന്നു താരത്തിന്റെ ട്വീറ്റ്. ‘കഠിനമായ എതിരാളിയെ നേരിടാന്‍ പരിശീലനം നടത്തിയിരുന്നു. ഇതിന് മുമ്പും ഞാനത് ചെയ്തിട്ടുണ്ട്. എന്നാല്‍ അദൃശ്യനായ ഈ വൈറസിനെ എങ്ങനെയാണ് ഞാന്‍ നേരിടുക. കൊവിഡ് മൂലം നിരവധി പ്രതിസന്ധികളുണ്ടായിട്ടുണ്ട്. എനിക്ക് മാത്രമല്ല മിക്കവര്‍ക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് ഡെന്‍മാര്‍ക്ക് ഓപ്പണില്‍ മത്സരിക്കാന്‍ സാധിക്കാത്തതാണ് എന്നെ സംബന്ധിച്ച് അവസാനത്തേത്. ഞാന്‍ നെഗറ്റിവിറ്റിയില്‍ നിന്നും വിരമിക്കുന്നു’ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ സിന്ധു കുറിച്ചു.

ഭയത്തില്‍ നിന്നും അനിശ്ചിതത്വത്തില്‍ നിന്നും വിരമിക്കുകയാണെന്നും സിന്ധുവിന്റെ കുറിപ്പിലുണ്ട്. മനസ്സിനെ പൂര്‍ണ്ണമായും ശുദ്ധീകരിച്ച് ഒരു തിരിച്ചുവരവ് നടത്തണമെന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നു. ഈ കൊവിഡ്ക്കാലം കണ്ണുതുറപ്പിക്കുന്ന അനുഭവമായിരുന്നു തനിക്ക് നല്‍കിയതെന്നും കുറിപ്പില്‍ സിന്ധു പറയുന്നു.

Story highlights: PV Sindhu s cryptic post sends shock waves on social media