സ്രാവിനെ ചേർത്തുപിടിച്ച് കിടക്കുന്ന നീർനായ; കൗതുകമായി ചിത്രം

ചില ചിത്രങ്ങൾ അങ്ങനെയാണ് ആദ്യ കാഴ്ചയിൽ തന്നെ അമ്പരപ്പും അത്ഭുതവുമൊക്കെ സൃഷ്ടിക്കും. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ശ്രദ്ധ നേടുന്നത്. വെള്ളത്തിന് മുകളിൽ സ്രാവിനെ ചേർത്തുപിടിച്ച് കിടക്കുന്ന നീർനായയുടെ ചിത്രങ്ങളാണ് സോഷ്യൽ ലോകത്തെയും ഗവേഷകരെയും ഒരുപോലെ അമ്പരപ്പിക്കുന്നത്. അടുത്തിടെ മോറോ കടൽത്തീരത്തെത്തിയവരാണ് ഈ കാഴ്ച കണ്ടത്.

സാധാരണയായി നീർനായകൾ സ്രാവുകളെ ആഹാരമാക്കാറില്ല. അതുകൊണ്ടുതന്നെ മൂന്നടിയോളം നീളമുള്ള സ്രാവിനെ നീർനായ എങ്ങനെ വശത്താക്കി എന്നത് വ്യക്തമല്ല. ചിലപ്പോൾ വെറുമൊരു കൗതുകത്തിന് നീർനായ സ്രാവിനെ പിടിച്ചതാകാം എന്നാണ് ഗവേഷകരും അഭിപ്രായപ്പെടുന്നത്‌. ആദ്യമായിട്ടാണ് ഒരു നീർനായ സ്രാവിനെ പിടികൂടുന്നതായി കാണുന്നത് എന്ന് കലിഫോർണിയ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്.

Read also:നെടുമാരനെ വിറപ്പിച്ച ആ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍; മോഹന്‍ ബാബുവിന് ഹൃദയം നിറഞ്ഞ നന്ദിയുമായി സൂര്യ

സാധാരണയായി ചെറുമത്സ്യങ്ങളെയും ഞണ്ടുകളെയുമൊക്കെയാണ് നീർനായകൾ ആഹാരമാക്കുന്നത്. എന്നാൽ ചിലപ്പോഴൊക്കെ ഇവ തമ്മിൽ ഏറ്റുമുട്ടാറുണ്ടെന്നും പക്ഷെ ഭക്ഷണമാക്കാറില്ലെന്നുമാണ് ഗവേഷകരും അഭിപ്രായപ്പെടുന്നത്‌. അതുകൊണ്ടുതന്നെ ഡോൺ ഹെൻഡേഴ്സണും ആലിസ് കാഹിലും ചേർന്ന് പകർത്തിയ ഈ അപൂർവ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ അടക്കം ഏറെ കൗതുകം സൃഷ്ടിക്കുന്നുണ്ട്.

Story Highlights: sea otter and horn shark