ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്; അബിയുടെ മരിക്കാത്ത ഓര്‍മ്മകളില്‍ ഷെയ്ന്‍ നിഗം

November 30, 2020
Shane Nigam About Abhi

മിമിക്രി കലാകാരനായി എത്തി പ്രേക്ഷകശ്രദ്ധ നേടി, നടനായി അതിശയിപ്പിച്ചു. എങ്കിലും കലാഭവന്‍ അബി എന്ന അതുല്യപ്രതിഭയെ മരണം കവര്‍ന്നു. അബിയുടെ ഓര്‍മ്മദിനമാണ് ഇന്ന്. ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് മകന്‍ ഷെയ്ന്‍ നിഗം. ഉള്ളു തൊടുന്ന വാക്കുകളാണ് ഷെയ്‌ന്റേത്. ഒപ്പം മനോഹരമായ ഒരു ചിത്രവും.

2017- നവംബര്‍ 30 നാണ് അബി മരണത്തിന് കീഴടങ്ങിയത്. രക്തസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ‘ഇന്ന് എന്റെ വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണ്. Thank you Vappichi for believing in me. ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്, വാപ്പച്ചി ആദ്യമായും അവസാനമായും സ്റ്റേജില്‍ കയറി, ഒരു വാക്ക് പോലും സംസാരിക്കാന്‍ പറ്റാതെ ഇറങ്ങിയ വേദി ആണ്. ആരും ഒന്നും പറയാനും ആവശ്യപ്പെട്ടില്ല, പരാതി അല്ല കേട്ടോ, വാപ്പച്ചിക്ക് ഉണ്ടായ വേദന ഞാന്‍ പങ്ക് വയ്ക്കുന്നു.. ഇതാണ് വാപ്പച്ചിയുടെ അവസാന വേദി.’ ഷെയ്ന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

മലയാളിക്ക് ഏറെ പ്രിയങ്കരനായിരുന്നു കലാഭവന്‍ അബി എന്ന കലാകാരന്‍. അബിയുടെ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷക മനസ്സുകളില്‍ നിന്നും വിട്ടകന്നിട്ടില്ല. അമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് അബി. നയം വ്യക്തമാക്കുന്നു, ചെപ്പു കിലുക്കണ ചങ്ങാതി, ആനപ്പാറ അച്ചാമ്മ, കിരീടമില്ലാത്ത രാജാക്കന്മാര്‍, രസികന്‍, വാര്‍ധക്യ പുരാണം, തൃശിവപേരൂര്‍ ക്ലിപ്തം തുടങ്ങിയവയാണ് ചില ചിത്രങ്ങള്‍.

Story highlights: Shane Nigam About Abhi