അമിത വണ്ണത്തെ ചെറുക്കാന്‍ വ്യായാമത്തിന് ഒപ്പം അല്‍പ്പം സൂപ്പും

November 19, 2020
Soup in diet for weight loss

അമിതവണ്ണം ഇക്കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. അമിത ഭാരമകറ്റാന്‍ നെട്ടോട്ടമോടാറുണ്ട് പലരും. വ്യായാമം ചെയ്തും ഭക്ഷണം നിയന്ത്രിച്ചുമൊക്കെയാണ് പലരും വണ്ണം കുറയ്ക്കാന്‍ ശ്രമിക്കാറുള്ളത്. എന്നാല്‍ ആരോഗ്യകരമായി ശരീരഭാരത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒന്നാണ് സൂപ്പ്. പോഷക ഗുണങ്ങളാല്‍ സമ്പന്നമാണ് സൂപ്പുകള്‍. പ്രത്യേകിച്ച് പച്ചക്കറി സൂപ്പ്.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പച്ചക്കറി സൂപ്പ് കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. നാരുകള്‍ ധാരാളമടങ്ങിയിട്ടുള്ള പച്ചക്കറികളാണ് ഈ സൂപ്പിനുവേണ്ടി കൂടുതലായും ഉപയോഗിക്കേണ്ടത്. കൂടാതെ കലോറി കുറഞ്ഞ പച്ചക്കറികള്‍ സൂപ്പില്‍ ചേര്‍ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം.

പച്ചക്കറി സൂപ്പ് ഉണ്ടാക്കുന്നതിനുവേണ്ടി ആദ്യം ഒരു പാനില്‍ അല്‍പം എണ്ണയൊഴിച്ച് ചൂടാക്കണം. ഇതിലേക്ക് അല്‍പം വെളുത്തുള്ളിയും സവോളയും ചേര്‍ത്ത് ഇളക്കണം. ശേഷം കാരറ്റ്, കുതിര്‍ത്ത ഗ്രീന്‍പീസ്, ബ്രോക്കോളി, കാപ്സിക്കം എന്നിവ പാനിലേക്ക് ഇട്ട് വഴറ്റുക. അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം അല്‍പം വെള്ളം ഒഴിച്ച് വേവിക്കുക. 10 മിനിറ്റ് തിളപ്പിച്ച ശേഷം അല്‍പം ഉപ്പും കുരുമുളകു പൊടിയും ചേര്‍ത്താല്‍ ആരോഗ്യകരമായ പച്ചക്കറി സൂപ്പ് ലഭിക്കും.

പച്ചക്കറി സൂപ്പിന് പുറമെ കോളിഫ്‌ളവര്‍ സൂപ്പും കൂണ്‍ സൂപ്പും എല്ലാം അമിത വണ്ണത്തെ ചെറുക്കാന്‍ സഹായിക്കുന്നു. സൂപ്പ് കുടിയ്ക്കുന്നതോടൊപ്പം തന്നെ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജങ്ക് ഫുഡ് ഒഴിവാക്കണം. അമിതഭാരമുള്ളവര്‍ കാര്‍ബോഹൈഡ്രേറ്റഡ് ഡ്രിങ്ക്സും കൂടുതല്‍ മധുരം ചേര്‍ത്ത ശീതള പാനിയങ്ങളും ഒഴിവാക്കുന്നതും ഗുണം ചെയ്യും.

മധുരത്തിന് റിഫൈന്‍ഡ് ഷുഗര്‍ ഉപയോഗിക്കുന്നതാണ് നല്ലത്. പച്ചക്കറി സൂപ്പ് കുടിയ്ക്കുന്നതിനോടൊപ്പം ഭക്ഷണത്തിലും പച്ചക്കറികള്‍ ധാരാളമായി ഉള്‍പ്പെടുത്തണം. പ്രത്യേകിച്ച് നാരുകള്‍ ധാരളമടങ്ങിയ പച്ചക്കറികള്‍. ഫൈബര്‍ ഘടകം അടങ്ങിയിട്ടുള്ള പച്ചക്കറികള്‍ ദഹനം സുഗമമാക്കാന്‍ സഹായിക്കുന്നു. ഇത് അമിതഭാരത്തെ ചെറുക്കാനും സഹായിക്കുന്നു.

Story highlights: Soup in diet for weight loss