‘ഇതുവരെ ലഭിച്ചതിൽ വെച്ച് ഏറ്റവും മികച്ച സമ്മാനം’- മകൾക്ക് നന്ദി പറഞ്ഞ് സുസ്മിത സെൻ

മുൻ ലോകസുന്ദരിയും അഭിനേത്രിയുമായ സുസ്മിത സെൻ തന്റെ നാല്പത്തിയഞ്ചാം പിറന്നാളിന് ലഭിച്ച സമ്മാനത്തെക്കുറിച്ച് ആരാധകരോട് പങ്കുവയ്ക്കുകയാണ്. മകൾ റെനി സെൻ അഭിനയിച്ച ഷോർട്ട് ഫിലിമിന്റെ ട്രെയ്‌ലറാണ് സുസ്മിത പങ്കുവെച്ചത്. ഇതുവരെ ലഭിച്ചതിൽ ഏറ്റവും മികച്ച സമ്മാനമാണിത് എന്നാണ് സുസ്മിത പങ്കുവെച്ച് കുറിച്ചത്.

‘സ്‌നേഹനിർഭരമായ ഒരു പ്രപഞ്ചത്തിൽ നിന്നും എനിക്ക് ലഭിച്ച ഏറ്റവും മികച്ച സമ്മാനം.. വളരെ അഭിമാനത്തോടെ അവതരിപ്പിക്കുന്നു …നടി റെനി സെൻ..അവളുടെ ആദ്യത്തെ ഹ്രസ്വ ചിത്രത്തിന്റെ ട്രെയിലറാണിത്. എന്റെ കൊച്ചു ഷോന അവളുടെ സ്വപ്നങ്ങളിലേക്ക് ധീരമായ ചുവടുകൾ വയ്ക്കുന്നത് കാണുമ്പോൾ എന്തൊരു സന്തോഷമാണ്. എന്തൊരു സ്വാഭാവിക അഭിനയം..ഇനിയും വളരുക, പഠിക്കുക, ആസ്വദിക്കുക’ സുസ്മിത സെൻ കുറിക്കുന്നു.

1994 ൽ പതിനെട്ടാമത്തെ വയസ്സിലാണ് സുസ്മിത ഇന്ത്യയിലെ ആദ്യത്തെ മിസ്സ് യൂണിവേഴ്സായി തിരഞ്ഞെടുക്കപ്പെട്ടത്. 24 വയസ്സ് തികഞ്ഞതിന് ശേഷം നടി ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് രക്ഷാകർതൃത്വം സ്വീകരിച്ച് റെനി എന്ന് പേരിടുകയായിരുന്നു. 2000ലാണ് റിനിയെ സുസ്മിത ദത്തെടുത്തത്. 2010-ൽ മൂന്നു മാസം പ്രായമുള്ള മറ്റൊരു പെൺകുട്ടിയെ ദത്തെടുക്കുകയും, അലീസ എന്നു പേര് നൽകുകയും ചെയ്തു നടി.

Read More: പ്രണയാർദ്രം ‘മിയാ സുഹാ രംഗേ..’- ശ്രദ്ധനേടി ‘തമി’യിലെ ആദ്യ ഗാനം

1996-ൽ പുറത്തിറങ്ങിയ ദസ്റ്റക് ആയിരുന്നു സുസ്മിതയുടെ ആദ്യ ചിത്രം. തമിഴ് ചലച്ചിത്രം രക്ഷകനിലൂടെയാണ് സുസ്മിത ശ്രദ്ധേയയായത്. അഭിനയത്തിന് പുറമെ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് സുസ്മിത സെൻ.

Story highlights- susmitha sen about daughter