പാലിൽ മായം ചേർത്തിട്ടുണ്ടോ; കണ്ടെത്താൻ ചില മാർഗങ്ങൾ

November 26, 2020

ഇന്ന് ദേശീയ പാൽ ദിനം. സമീകൃത ആഹാരം എന്ന നിലയിൽ പാലിൻറെ പ്രാധാന്യം പൊതുസമൂഹത്തിനു മുന്നിൽ വിളിച്ചോതുക എന്നതാണ് ദേശീയ പാൽ ദിനത്തിന്റെ ലക്ഷ്യം. എന്നാല്‍, ആരോഗ്യത്തിനായി നാം കുടിക്കുന്ന പാലില്‍ മായം കലര്‍ന്നാലോ? ആരോഗ്യം നശിക്കും എന്നു മാത്രമല്ല അസുഖങ്ങൾ ഉണ്ടാകുകയും ചെയ്യും.

ദിവസേന നാം ഉപയോഗിക്കുന്ന പാലിന്റെ കൊഴുപ്പ് കൂട്ടാനും കേടാവാതെ ദിവസങ്ങളോളം സൂക്ഷിക്കാനും ജീവന്‍ തന്നെ അപായപ്പെടുത്താന്‍ ശേഷിയുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. കൂടാതെ വ്യാപകമായി പാലില്‍ നിന്ന് പോഷകാംശങ്ങളും കൊഴുപ്പും നീക്കം ചെയ്യുന്നുമുണ്ട്. സോപ്പ് പൊടി, പാല്‍പ്പൊടി, വനസ്പതി എന്നിവ പോലുള്ളവ പാലിന്റെ കൊഴുപ്പ് കൂട്ടാന്‍ വേണ്ടി ഉപയോഗിക്കുന്നതായും കണ്ടെത്തിയിരുന്നു. പാല്‍ കേടാകാതിരിക്കാന്‍ ചിലര്‍ യൂറിയ ചേര്‍ക്കുന്നതായും കണ്ടെത്തി. ശുദ്ധമായ പാലെന്ന വ്യാജേന കൃത്രിമപാലും വിപണിയില്‍ സുലഭമാണ്.

സൊസൈറ്റികളില്‍ നിന്നും മില്‍മയില്‍ നിന്നും ലഭിക്കുന്ന പാലിനെ അപേക്ഷിച്ച്‌ കൃത്രിമ പാലിന്റെ വില ലിറ്ററിന് കുറവാണ്. യൂറിയ, കാസ്റ്റിക് സോഡ, വില കുറഞ്ഞ ഭക്ഷ്യ എണ്ണ, അലക്ക് കാരം, വെള്ളം, സാധാരണ പാല്‍ എന്നിവയാണ് കൃത്രിമ പാലിന്റെ ചേരുവകള്‍.ശരീരത്തിന് തന്നെ ഹാനികരമാകുന്ന ഇത്തരം രാസവസ്തുക്കൾ അടങ്ങിയ പാൽ ഉപയോഗിക്കുന്നതിലൂടെ നിരവധി രോഗങ്ങൾ ഉണ്ടാവാനും സാധ്യത കൂടുതലാണ്.

എന്നാൽ പാലില്‍ ചേര്‍ക്കുന്ന മായങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങളുണ്ട്…

പാലില്‍ വെള്ളം ചേര്‍ക്കുന്നത് കണ്ടെത്താന്‍ ഒരു തുള്ളി പാല്‍ മിനുസമുള്ള പ്രതലത്തില്‍ ഒഴിക്കുക. ശുദ്ധമായ പാല്‍ താഴോട്ട് സാവധാനം മാത്രമേ ഒഴുകൂ. മാത്രമല്ല, പാല്‍ ഒഴുകിയ സ്ഥാനത്ത് വെള്ളവര അവശേഷിക്കുകയും ചെയ്യും. എന്നാല്‍, വെള്ളം ചേര്‍ത്ത പാലാണെങ്കില്‍ പെട്ടെന്ന് ഒഴുകുകയും വെളുത്ത വര അവശേഷിക്കുകയും ചെയ്യില്ല.

Read also: കാർത്തിക് നരേന്റെ ത്രില്ലർ ചിത്രം വരുന്നു; പ്രധാന കഥാപാത്രങ്ങളായി ധനുഷും മാളവിക മോഹനനും

കൃത്രിമ പാല്‍ കണ്ടുപിടിക്കാന്‍, പാല്‍ വിരലുകള്‍ക്കിടയില്‍ വച്ച്‌ നോക്കിയാല്‍ സോപ്പിന്റെ വഴുവഴുപ്പ് കാണും. കൂടാതെ മായം ചേര്‍ത്ത പാല്‍ തിളപ്പിച്ചാല്‍ മഞ്ഞനിറമാകും. പാലില്‍ സോപ്പ് ചേര്‍ത്തിട്ടുണ്ടോ എന്നറിയാന്‍, 5– 10 മില്ലി ലിറ്റര്‍ പാലില്‍ അതേ അളവില്‍ വെള്ളം ചേര്‍ത്ത് കലുക്കിനോക്കിയാല്‍ മതി. പാലിൽ അമിതമായി പത വരുന്നുണ്ടെങ്കില്‍ അതില്‍ സോപ്പിന്റെ അംശം അടങ്ങിയിട്ടുണ്ട് എന്ന് മനസിലാക്കാം

Story Highlights: testing methods to determineif milk is toxic or not

New method to determine