‘എന്റെ ഭ്രാന്തന്‍ പ്രതിഭ സമാധാനത്തോടെ വിശ്രമിക്കുന്നു’: ഫുട്‍ബോൾ ദൈവത്തിന്റെ ഓർമയിൽ ലോകം

November 26, 2020

ഫുട്‍ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടറിഞ്ഞത്. സ്വവസതിയിൽ വെച്ച് ബുധനാഴ്ചയാണ് ഹൃദയാഘാതത്തെത്തുടർന്ന് താരം മരണത്തിന് കീഴടങ്ങിയത്. താരത്തിന്റെ വിയോഗത്തെത്തുടർന്ന് അർജന്റീനയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ലോകമെമ്പാടും ഫുട്‍ബോൾ ദൈവത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ്…ഫുട്‌ബോള്‍ താരങ്ങളും രാഷ്ട്ര തലവന്‍മാരും രാഷ്ട്രീയ നേതാക്കളും അടക്കമുള്ളവർ താരത്തിന് ആദാരാജ്ഞലികള്‍ അര്‍പ്പിച്ചു.

അര്‍ജന്റീനക്കാരനും ഫുട്‌ബോള്‍ ആരാധകനുമായ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥനയില്‍ മറഡോണയെ അനുസ്മരിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്.

‘ഫുട്ബോൾ ലോകത്തിനും അർജൻ്റീനയ്ക്കും ഇത് ഒരുപാട് ദുഖമുണ്ടാക്കുന്ന ഒരു ദിവസമാണ്. അദ്ദേഹം നമ്മെ വിട്ടു പോയെങ്കിലും ഇവിടെയുണ്ടാവും. കാരണം, ഡിഗോ അനശ്വരനാണ്. അദ്ദേഹത്തോടൊപ്പമുള്ള എല്ലാ മനോഹര നിമിഷങ്ങളെയും ഞാൻ ഓർമ്മിക്കുന്നു. അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനും എൻ്റെ അനുശോചനം അർപ്പിക്കുന്നു’- മെസി കുറിച്ചു.

‘ഒരിക്കൽ നമ്മൾ ആകാശത്ത് ഒരുമിച്ച് പന്തു തട്ടും’ എന്നാണ് ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ കുറിച്ചത്.

‘നിങ്ങള്‍ ഞങ്ങളെ ലോകത്തിന്റെ നെറുകയിലെത്തിച്ചു. നിങ്ങള്‍ ഞങ്ങള്‍ക്ക് സന്തോഷം നല്‍കി. എല്ലാവരിലും വലിയവനായി നിങ്ങള്‍ നിലനിന്നതിന് നന്ദി, ജീവിതകാലം മുഴുവൻ നിങ്ങളെ ഞങ്ങള്‍ക്ക് നഷ്ടമാകും’ അര്‍ജന്റീനന്‍ പ്രസിഡന്റ് ആര്‍ബേര്‍ട്ടോ ഫെര്‍ണാന്‍ഡസ് ട്വിറ്ററില്‍ കുറിച്ചു.

‘എന്റെ ഹീറോ ഇനി ഇല്ല .. എന്റെ ഭ്രാന്തന്‍ പ്രതിഭ സമാധാനത്തോടെ വിശ്രമിക്കുന്നു .. ഞാന്‍ നിങ്ങള്‍ക്കായി ഫുട്‌ബോള്‍ കണ്ടു’ ഇങ്ങനെയാണ് സൗരവ് ഗാംഗുലി കുറിച്ചത്.

Story Highlights: world mourns diego maradonas death