ഏകദിനത്തില്‍ ആശ്വാസജയം തേടി ഇന്ത്യ; ഓസ്‌ട്രേലിയയ്‌ക്കെതിരെ ആദ്യം ബാറ്റിങ്ങ്

December 2, 2020
Australia VS India Third ODI

ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് ഇന്ന്. ആദ്യ രണ്ട് ഏകദിനത്തിലും വിജയിക്കാനാവത്തിനാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായി. എന്നാല്‍ ആശ്വാസജയം തേടിയാണ് ടീം ഇന്ത്യ ഇന്ന് കളത്തിലിറങ്ങിയിരിക്കുന്നത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. കാന്‍ബറയിലാണ് മത്സരം.

നിലവില്‍ പതിനാറ് ഓവറുകള്‍ പിന്നിടുമ്പോള്‍ 87 റണ്‍സാണ് ഇന്ത്യയ്ക്കുള്ളത്. രണ്ട് വിക്കറ്റുകളും നഷ്ടമായി. ഓപ്പണര്‍മാരില്‍ ഒരാളായ ശിഖര്‍ ധവാന്‍ 27 പന്തില്‍ നിന്നുമായി 16 റണ്‍സാണ് എടുത്തത്. ശുഭ്മാന്‍ ഗില്‍ 39 പന്തില്‍ നിന്നുമായി 33 റണ്‍സ് അടിച്ചെടുത്ത് കളം വിട്ടു.

അതേസമയം ഏകദിന പരമ്പരയും ടി20 പരമ്പരയും ടെസ്റ്റ് പരമ്പരയും അടങ്ങുന്നതാണ് ഇന്ത്യ- ഓസിസ് പര്യടനം. മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ- ഓസിസ് പര്യടനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഡിസംബര്‍ 4-നാണ് ടി20 പരമ്പരയിലെ ആദ്യ മത്സരം. രണ്ടാം ടി20 ഡിസംബര്‍ ആറിനും മൂന്നാം ടി20 ഡിസംബര്‍ എട്ടിനും നടക്കും. ഡിസംബര്‍ 17 മുതല്‍ 21 വരെയാണ് ആദ്യ ടെസ്റ്റ് പരമ്പര. രണ്ടാം ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ 30 വരേയും. ജനുവരി 7 മുതല്‍ 11 വരെ മൂന്നാം ടെസ്റ്റും ജനുവരി 15 മുതല്‍ 19 വരെ നാലാം ടെസ്റ്റും അരങ്ങേറും.

Story highlights: Australia VS India  Third ODI