90 കളിൽ തിളങ്ങിയ നായകന്റെ ജീവിതത്തിൽ വില്ലനായത് ആ സംഘട്ടന രംഗം; കിടപ്പിലായ ബാബുവിനെ കാണാനെത്തി ഭാരതിരാജ

മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് മുമ്പിലെത്തിച്ച് കൈയടിവാങ്ങിച്ച നായകരിൽ ഒരാളായിരുന്നു ബാബു. 1991 ൽ പുറത്തിറങ്ങിയ ‘എൻ ഉയിർ തോഴൻ’ എന്ന ഭാരതിരാജ ചിത്രത്തിലൂടെ തമിഴ് സിനിമ ലോകത്ത് നായകനായി അരങ്ങേറ്റം കുറിച്ചതാണ് ബാബു. പിന്നീട് ‘പെരും പുലി’, ‘തയ്യമ്മ’ തുടങ്ങിയ ചിത്രങ്ങളിലും നായകനായി ബാബു തിളങ്ങി. തുടർന്ന് നായകനായി വേഷമിട്ട ‘മാനസര വാഴ്ത്തുക്കളേൻ’ എന്ന ചിത്രം പക്ഷെ ബാബുവിന്റെ ജീവിതം തന്നെ മാറ്റിമറിച്ച സിനിമയായിരുന്നു.

മാനസര വാഴ്ത്തുക്കളേൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടം ബാബുവിന്റെ സിനിമ ജീവിതത്തിന് ഫുൾ സ്റ്റോപ്പിട്ടു. സിനിമ സംഘട്ടന രംഗത്തിനിടെ സംഭവിച്ച അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റതിനാൽ പിന്നീടങ്ങോട്ട് അഭിനയിക്കാനായില്ല. കഴിഞ്ഞ 25 വർഷങ്ങളോളമായി അദ്ദേഹം കിടന്ന കിടപ്പിലാണ്. തളർന്ന ശരീരവുമായി കിടപ്പിലാണെങ്കിലും സിനിമയോടുള്ള ഇഷ്ടം അദ്ദേഹം വിട്ടിരുന്നില്ല. പ്രകാശ് രാജിനെ നായകനാക്കി രാധാ മോഹൻ സംവിധാനം ചെയ്ത ‘സ്‌മൈൽ പ്ലീസ്’ എന്ന സിനിമയ്ക്ക് വേണ്ടി ബാബു സംഭാഷണം എഴുതി. പക്ഷെ അവിടെയും വിധി വില്ലനായി. ആ സിനിമ പല കാരണങ്ങൾകൊണ്ട് പുറത്തിറങ്ങിയില്ല.

Read also:തരംഗം സൃഷ്ടിച്ച് റോക്കി ഭായ്- റെക്കോർഡുകൾ ഭേദിച്ച് കെ ജി എഫ്; ചാപ്റ്റർ 2 ടീസർ

ബാബുവിന്റെ ചികിത്സയ്ക്കും മറ്റുമായുള്ള പണത്തിനായി കഷ്ടപ്പെടുകയാണ് കഴിഞ്ഞ കുറെ വർഷങ്ങളായി ഈ കുടുംബം. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയും ഈ കുടുംബത്തിന് ഇരുട്ടടിയായി. വർഷങ്ങളായി കിടപ്പിലായ ബാബുവിന്റെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞ സംവിധായകൻ ഭാരതിരാജ കഴിഞ്ഞ ദിവസം ബാബുവിനെ കാണാനെത്തിയതോടെയാണ് അദ്ദേഹത്തിന്റെ അവസ്ഥ പുറംലോകം അറിയുന്നത്. ഭാരതിരാജ അദ്ദേഹത്തെ കാണാൻ എത്തിയപ്പോഴുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നത്. ഇരുവരും ചേർന്ന് സങ്കടം പങ്കുവയ്ക്കുന്ന ദൃശ്യങ്ങളാണ് ചിത്രങ്ങളിൽ ഉള്ളത്.

Story Highlights:90s hero babu bedridden for 25 years