‘സിഗ്നലി’ൽ തിളങ്ങി വീണ്ടും ആസ്മാൻ; ശ്രദ്ധേയമായി മ്യൂസിക് വീഡിയോ

January 22, 2021
signal music video

മലയാളികൾക്ക് സുപരിചിതയാണ് സെലിബ്രിറ്റി ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പിയുടെ ഫോട്ടോഷൂട്ടിലൂടെ സൂപ്പർ മോഡലായി മാറിയ ആസ്മാൻ എന്ന രാജസ്ഥാനി പെൺകുട്ടി. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ് ആസ്മാൻ അഭിനയിച്ച ഒരു മ്യൂസിക് വീഡിയോ. സിഗ്‌നൽ എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയോയിൽ ആസ്മാനൊപ്പം അൻഷാദ് അസീസും അഭിനയിക്കുന്നുണ്ട്. അൻഷാദ് അസീസ് തന്നെയാണ് വീഡിയോ ഒരുക്കിയിരിക്കുന്നതും. സുബിൻ പത്മനാഭൻ ഈണം പകർന്നിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നതും ആലപിച്ചിരിക്കും സുബിൻ തന്നെയാണ്.

കൊച്ചിയിലെ സിഗ്‌നലിലൂടെ സാധനങ്ങൾ വിൽക്കാൻ നടക്കുന്ന പെൺകുട്ടിയെ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന യുവാവും, പിന്നീട് ഇരുവരും തമ്മിലുള്ള മനോഹര പ്രണയവുമാണ് ഗാനത്തിന്റെ പ്രമേയം. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട മ്യൂസിക് വീഡിയോയിലെ മുഖ്യ ആകർഷണം ആസ്മാൻ തന്നെയാണ്. എന്തായാലും ആസ്വാദക ഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു ഈ മ്യൂസിക് വീഡിയോ.

Read also: ഇത് ആസ്മാൻ; കൊച്ചിയിലെ ട്രാഫിക് സിഗ്‌നലിലൂടെ ബലൂൺ വിറ്റ് നടന്ന അതേ പെൺകുട്ടി

തെരുവോരങ്ങളിലെ വെയിലും ചൂടും വകവയ്ക്കാതെ കർമ്മനിരതരാകുന്ന രാജസ്ഥാനി പെൺകുട്ടികളിൽ ഒരാൾ മാത്രമായിരുന്നു അടുത്തിടെവരെ ആസ്മാൻ എന്ന പെൺകുട്ടി. അവിചാരിതമായാണ് സെലിബ്രിറ്റി ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പിയുടെ ക്യാമറക്കണ്ണുകൾ ആസ്മാനെ ഒപ്പിയെടുക്കുന്നത്. അന്നുമുതൽ മലയാളികളുടെ അടക്കം ഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു ആസ്മാൻ എന്ന സൂപ്പർ മോഡൽ.

യഥാർത്ഥ മേക്കോവർ എന്ന ചിന്തയിൽ നിന്നുമാണ് രാജസ്ഥാൻ നാടോടി പെൺകുട്ടി ആസ്മാനെ സൂപ്പർ മോഡലാക്കി മഹാദേവൻ തമ്പിയും കൂട്ടരും മാറ്റിയത്. പരമ്പരാഗത രാജസ്ഥാനി വേഷം ധരിച്ച് കൊച്ചിയിലെ ട്രാഫിക്ക് സിഗ്‌നലിലൂടെ നടക്കുന്ന ആസ്മാനെ ഇതിനായി തെരെഞ്ഞെടുത്ത് പുതിയ വേഷത്തിലും രൂപത്തിലും ആളുകൾക്ക് പരിചയപ്പെടുത്തുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും ശ്രദ്ധേയമാകുകയാണ് ആസ്മാൻ അഭിനയിച്ച മ്യൂസിക് വീഡിയോ.

Story Highlights: Aasman Music Video Signal