ഇലകളിൽ വിരിഞ്ഞ താരങ്ങൾ; ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി അക്ഷയ

ലോക്ക്ഡൗൺ കാലം നിരവധിപ്പേരാണ് തങ്ങളുടെ സർഗവാസനകൾ വളർത്താൻ ഉപയോഗിച്ചത്. ചിലപ്പോൾ വിരസത മാറ്റാനായി ചെയ്യുന്ന പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ കയറി ഹിറ്റാകാറുമുണ്ട്. ഇത്തരത്തിൽ ഇതിനോടകം നിരവധി കലാകാരന്മാരെയാണ് സൈബർലോകം പരിചയപ്പെടുത്തിയത്. എന്നാൽ ലോക്ക് ഡൗൺ കാലത്ത് ലീഫ് ആർട്ടിലേക്ക് ചുവടുവെച്ച ഒരു കോഴിക്കോട്ടുകാരിയാണ് ഇപ്പോൾ ഇന്ത്യയ്ക്ക് മുഴുവൻ അഭിമാനമാകുന്നത്.

അക്ഷയയുടെ ഇലയിൽ വിരിഞ്ഞ രൂപങ്ങൾ ഈ കോഴിക്കോട്ടുകാരിയുടെ പേര് എത്തിച്ചത് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിലാണ്. അക്ഷയയുടെ കൈയിൽ ഒരില കിട്ടിയാൽ അവിടെ വിരിയുന്നത് മനോഹരമായ രൂപങ്ങളാകും. സോഷ്യൽ ഇടങ്ങളിലും ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു അക്ഷയയുടെ ലീഫ് ആർട്ട്. കമലഹാസനും മമ്മൂട്ടിയും മോഹൻലാലും ടൊവിനോ തോമസും ലെനയും വിജയ്‍യും സൂര്യയും ഫഹദ് ഫാസിലും ഉൾപ്പെടെ ഇതിനോടകം നിരവധി താരങ്ങളുടെ രൂപങ്ങൾ ഇലയിൽ ഒരുക്കിക്കഴിഞ്ഞു അക്ഷയ.

Read also:അഞ്ചാം പാതിരായ്ക്ക് രണ്ടാം ഭാഗമോ; ‘ആറാം പാതിരാ’ പോസ്റ്റർ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

ആദ്യമൊക്കെ പ്ലാവിലയിലാണ് അക്ഷയ താരങ്ങളുടെ രൂപങ്ങൾ ഒരുക്കിയത്. എന്നാൽ പിന്നീട് തെങ്ങ് ഓലയിലായി അക്ഷയയുടെ പരീക്ഷണങ്ങൾ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ചലച്ചിത്രതാരം ശ്രുതി ഹാസൻ ഉൾപ്പെടെയുള്ളവർ അക്ഷയയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു.

കോഴിക്കോട് സ്വദേശിയായ അക്ഷയ ലാബ് ടെക്‌നീഷ്യനായി ജോലി നോക്കുകയാണ്. ജോലിക്കിടയിൽ കിട്ടുന്ന ഒഴിവ് സമയങ്ങളിലാണ് അക്ഷയ ലീഫ് ആർട്ട് ചെയ്യുന്നത്.

Story Highlights:akshaya leaf art enters record books