അയ്യപ്പനായി പവൻ കല്യാണിന്റെ ബുള്ളറ്റിലുള്ള വരവ്- ‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്ക് മേക്കിംഗ് വീഡിയോ

പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും ഒരുമിച്ചെത്തി മികച്ച് പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചി സംവിധാനം ചെയ്ത ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന് തുടക്കമായി. റിപ്പബ്ലിക് ദിനത്തിൽ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിൽ അയ്യപ്പനായി എത്തുന്നത് പവൻ കല്യാണാണ്. താരത്തിന്റെ അഭിനയ മുഹൂർത്തങ്ങളാണ് വീഡിയോയിലുള്ളത്.

പവര്‍ സ്റ്റാര്‍ പവന്‍ ചിത്രത്തിൽ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായരായി എത്തുമ്പോൾ പൃഥ്വിരാജ് അവതരിപ്പിച്ച കോശിയുടെ റോളില്‍ റാണ ദഗ്ഗുബട്ടിയെത്തും. സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സാണ് തെലുങ്കില്‍ ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സാഗര്‍ കെ ചന്ദ്രയാണ് സംവിധാനം നിർവഹിക്കുന്നത്. അതേസമയം, തെലുങ്ക് റീമേക്കിൽ കണ്ണമ്മയായി സായി പല്ലവി എത്തുമെന്നാണ് സൂചന.

Read More: ദേശീയഗാനം പിയാനോയിൽ വായിച്ച് റെക്കോർഡ് നേടിയ നാലു വയസുകാരൻ; സ്റ്റാറാണ് യൊഹാൻ

ചിത്രം ഹിന്ദിയിലേക്ക് എത്തിക്കുമ്പോൾ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ ജെ എ എന്റര്‍ടെയ്ന്‍മെന്റ്‌സാണ്. ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്യപ്പെടുന്നു. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി കാര്‍ത്തിയും ബിജു മേനോന്‍ അവതരിപ്പിച്ച കഥാപാത്രമായി പാര്‍ത്ഥിപനും തമിഴ് പതിപ്പിലെത്തും. 

Story highlights- ayyappanum koshiyum thelugu remake making video