പാപ്പിയമ്മയ്ക്ക് വീടൊരുങ്ങും; ഫോട്ടോഷൂട്ട് മാറ്റിമറിച്ച ജീവിതം

സെലിബ്രിറ്റി ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായതാണ് 98 കാരിയായ പാപ്പിയമ്മ. പല്ലില്ലാത്ത മോണകാട്ടി നിഷ്കളങ്കമായി ചിരിക്കുന്ന പാപ്പിയമ്മയുടെ ചിത്രങ്ങൾ സോഷ്യൽ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത വീട്ടിൽ താമസിക്കുന്ന പാപ്പിയമ്മ തന്റെ വീടിന് ഒരു വാതിൽ വെച്ച് സുരക്ഷിതമായി കിടന്നുറങ്ങണം എന്ന ആഗ്രഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പാപ്പിയമ്മയുടെ ഈ ആഗ്രഹം സഫലമായിരിക്കുകയാണ്.

മഹാദേവൻ തമ്പി പകർത്തിയ പാപ്പിയമ്മയുടെ വീഡിയോ കണ്ട് വ്യവസായി ബോബി ചെമ്മണ്ണൂരാണ് സഹായവാഗ്ദാനവുമായി എത്തിയിരിക്കുന്നത്. വാതിലിന് പകരം സുരക്ഷിതമായ അടച്ചുറപ്പുള്ള ഒരു വീട് വെച്ച് നൽകാമെന്ന് അറിയിച്ചിരിക്കുകയാണ് ബോബി ചെമ്മണൂർ.

വൈക്കത്തിനടുത്തുള്ള ഒരു ഉൾനാടൻ പ്രദേശത്താണ് പാപ്പിയമ്മ താമസിക്കുന്നത്. തേവലക്കാട് എന്ന സ്ഥലത്ത് ഫോട്ടോഷൂട്ടിന് വേണ്ടി എത്തിയപ്പോയേഴാണ് പാപ്പിയമ്മയെ മഹാദേവൻ തമ്പിയും കൂട്ടരും കണ്ടത്. പിന്നീട് പാപ്പിയമ്മയുടെ ഒരു ദിവസം ഫോട്ടോ സ്റ്റോറിയായി പകർത്തുകയായിരുന്നു ഇവർ.

Read also: പല്ലില്ലാത്ത മോണകാട്ടി ചിരിച്ച് പാപ്പിയമ്മ പറയുന്നു ഈ കുഞ്ഞുവീടിന് ഒരു കതക് വേണം; സോഷ്യൽ ഇടങ്ങളിൽ തിളങ്ങി 98 കാരി മോഡൽ

മേക്കോവർ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഫോട്ടോഗ്രാഫറാണ് മഹാദേവൻ തമ്പി. നേരത്തെ കൊച്ചിയിലെ ട്രാഫിക് സിഗ്‌നലിൽ മൊബൈൽ ഫോൺ കവറുകളും ബലൂണുകളും വിൽക്കാനായി നടന്ന ആസ്മാൻ എന്ന രാജസ്ഥാനി പെൺകുട്ടിയെ ക്യാമറക്കണ്ണിലൂടെ ഒരു സൂപ്പർ മോഡലാക്കി മാറ്റിയ മഹാദേവൻ തമ്പിയുടെ ചിത്രങ്ങൾ സോഷ്യൽ ഇടങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. യഥാർത്ഥ മേക്കോവർ എന്ന ചിന്തയിൽ നിന്നുമാണ് രാജസ്ഥാൻ നാടോടി പെൺകുട്ടി ആസ്മാനെ സൂപ്പർ മോഡലാക്കി മഹാദേവൻ തമ്പിയും കൂട്ടരും മാറ്റിയത്. അതിന് ശേഷം മഹാദേവൻ തമ്പിയുടെ ക്യാമറക്കണ്ണിലൂടെ സോഷ്യൽ മീഡിയ ഏറ്റെടുത്ത മോഡലാണ് 98 കാരി പാപ്പിയമ്മ.

Story Highlights:bobby chemmanur build house for pappy amma