‘ദൈവം അനുഗ്രഹിച്ച് ഈ സമയത്ത് എല്ലാവരും കാത്തിരുന്നൊരു ചിത്രം തന്നെ തിയേറ്ററുകളിൽ വരുന്നു’- ‘മാസ്റ്റർ’ ആഘോഷത്തിന്റെ തുടക്കമെന്ന് ദിലീപ്

തിയേറ്റർ തുറക്കുന്നതിൽ തീരുമാനമായതോടെ സിനിമാലോകം സജീവമാകുകയാണ്. തിയേറ്ററുകൾ തുറക്കുമെങ്കിലും മാസ്റ്റർ റിലീസിന്റെ കാര്യത്തിൽ ആരാധകർക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ, കേരളത്തിലെ എല്ലാ തിയേറ്ററുകളിലും മാസ്റ്റർ പ്രദർശിപ്പിക്കും എന്നാണ് തിയേറ്റർ ഉടമയും ഫിയോക് ചെയർമാനുമായ ദിലീപ് പറയുന്നത്. ചിത്രത്തിന് യാതൊരു നിബന്ധനകളും ഇല്ലെന്നും ദിലീപ് വ്യക്തമാക്കി. മാസ്റ്റർ ആഘോഷമായി സ്വീകരിക്കുകയാണ് എന്നും ദിലീപ് പറഞ്ഞു.

‘അൻപത് ശതമാനം മാത്രമാണ് ആളുകളെ കയറ്റാനാകൂ, പ്രദർശനത്തിന്റെ എണ്ണവും കുറവ്. ഒരു സ്ഥലത്ത് ഒരാൾ പട്ടിണി കിടക്കുക, മറ്റൊരാൾക്ക് സിനിമയുണ്ട്. അതല്ലല്ലോ, ഇതൊരു ആഘോഷമാക്കുകയാണ്. ദൈവം അനുഗ്രഹിച്ച് ഈ സമയത്ത് എല്ലാവരും കാത്തിരുന്നൊരു ചിത്രം തന്നെ തിയേറ്ററുകളിൽ വരുന്നു. ഇത്രയും നാൾ നമ്മളൊക്കെ സങ്കടത്തിലായിരുന്നു. ഇനി ആഘോഷത്തിന്റെ കാലമാണ്.’–ദിലീപ് പറഞ്ഞു.

2020 മാർച്ച് 11നാണ് തിയേറ്ററുകൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ അടച്ചത്. ഒരു വർഷത്തോളമാകുന്നു സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്തിട്ട്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ഒടിടി റിലീസുകൾ ആരംഭിച്ചുവെങ്കിലും തിയേറ്റർ റിലീസിനാണ് സിനിമ മേഖല പ്രാധാന്യം നൽകിയത്. 2021 ജനുവരി പതിനൊന്നിന് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതോടെയാണ് സിനിമാ തിയേറ്ററുകൾ തുറക്കാൻ ധാരണയായത്.

Read More: ‘അന്ന് സങ്കടപ്പെട്ടപ്പോൾ ഒപ്പം നിന്നവരോടൊക്കെ ഒന്നാം വർഷത്തിൽ നന്ദി പറയുകയാണ്’- മരട് ഫ്ലാറ്റിന്റെ ഓർമകളിൽ മേജർ രവി

അതേസമയം, 85 ചിത്രങ്ങളാണ് റിലീസിനായി തയ്യാറെടുക്കുന്നത്. മോഹൻലാലിന്റെ മരയ്ക്കാർ, മമ്മൂട്ടിയുടെ വൺ, പ്രീസ്റ്റ്, ഫഹദ് ഫാസിലിന്റെ മാലിക്, ദുൽഖർ സൽമാന്റെ കുറുപ്പ് തുടങ്ങി മുൻനിര താരങ്ങളുടെ ചിത്രങ്ങളും തിയേറ്റർ റിലീസിനായി തയ്യാറെടുക്കുകയാണ്.

Story highlights- dileep about master movie kerala release