തൊട്ടാൽ പൊള്ളും; ഇതാണ് ഫ്രൈയിങ് പാൻ തടാകം

January 25, 2021
Frying Pan Lake is World's Largest Hot Spring

നദിയിലും പുഴയിലുമൊക്കെ ഒന്ന് മുങ്ങിക്കുളിച്ചാൽ കിട്ടുന്ന സുഖം ചെറുതൊന്നുമല്ല. അതുകൊണ്ടുതന്നെ മനോഹരമായ ജലാശയങ്ങൾ കണ്ടാൽ ഒന്ന് മുങ്ങിപൊങ്ങാൻ തോന്നാറുമുണ്ട്. എന്നാൽ അങ്ങനെയൊന്നും ഇറങ്ങാൻ കഴിയാത്ത ഒരു ജലാശയം ഉണ്ട് ന്യൂസിലൻഡിലെ വൈമാൻഗു താഴ്‌വരയിൽ. ഈ ജലാശയത്തിൽ എങ്ങാനും ഇറങ്ങിയാൽ നല്ല ഫ്രൈയാകും. 50- 60 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടുത്തെ താപനില.

ഫ്രൈയിങ് പാൻ തടാകം എന്നാണ് ഈ തടാകത്തിന്റെ പേര്. ലോകത്തിലെതന്നെ ഏറ്റവും ചൂടുള്ളതും അസിഡിക് സ്വഭാവമുള്ളതുമായ ജലമാണ് ഈ തടാകത്തിലേത്. ഒരു വലിയ അഗ്നിപർവ്വത സ്ഫോടത്തിന്റെ ഫലമായുണ്ടായതാണ് ഈ തടാകം. താരാവേര അഗ്നിപർവ്വതത്തിന്റെ പൊട്ടിത്തെറിയോടെ ഈ താഴ്വരയുടെ അടിസ്ഥാന സ്വഭാവം തന്നെ മാറി. പൊട്ടിത്തെറിയ്ക്ക് ശേഷം ഇവിടെ നിരവധി ചൂടുനീരുറവകൾ പ്രത്യക്ഷപ്പെട്ടു. ഇക്കൂട്ടത്തിൽ ഉണ്ടായ ഏറ്റവും വലിയ ഉഷ്ണജല പ്രവാഹമാണ് ഈ തടാകം.

Read also:വളരാനും സഞ്ചരിക്കാനും കഴിവുള്ള പാറക്കല്ലുകൾ; രഹസ്യം കണ്ടെത്തി ഗവേഷകർ

1917 ൽ വീണ്ടും ഒരു വലിയ പൊട്ടിത്തെറി ഉണ്ടായതിന്റെ ഫലമായാണ് ഈ തടാകത്തിന് ഇപ്പോൾ കാണുന്ന രൂപം ലഭിച്ചത്. ഏകദേശം 38,000 ചതുരശ്ര മീറ്റർ വിസ്തൃതിയുണ്ട് ഈ തടാകത്തിന്. 18 മുതൽ 60 അടി വരെ താഴ്ചയുമുണ്ട് ഈ തടാകത്തിന്. എപ്പോഴും ഈ തടാകത്തിന്റെ ഉപരിതലത്തിൽ നിന്നും പുക ഉയരാറുണ്ട്. കാർബൺ ഡയോക്സൈഡ്, ഹൈഡ്രജൻ സൾഫൈഡ് തുടങ്ങിയ വാതകങ്ങളാണ് ഈ തടാകത്തിൽ നിന്നും പുറന്തള്ളപ്പെടുന്നത്. തടാകത്തിന് ചുറ്റിലും സിലിക്ക ഘടനകളും ധാതു നിക്ഷേപങ്ങളുടെ വർണ്ണാഭമായ പ്രതലങ്ങളും കാണാം.

Story Highlights: Frying Pan Lake is World’s Largest Hot Spring