ഒറ്റയ്ക്ക് കടലിന് നടുവിൽ സിനിമകൾ ആസ്വദിച്ച് ഒരാഴ്ച- വ്യത്യസ്തമായൊരു ഫിലിം ഫെസ്റ്റിവൽ

January 16, 2021

കൊവിഡ് പ്രതിസന്ധി മനുഷ്യനെ പല നവീന ചിന്തകളിലേക്കും വഴിതിരിച്ചുവിട്ടുവെന്നുവേണം പറയാൻ. കാരണം, ഒറ്റപ്പെട്ട് ജീവിക്കാൻ മനുഷ്യൻ ആദ്യമായി പഠിച്ചതോടെ അങ്ങനെയുള്ള ആശയങ്ങളാണ് പല മേഖലകളും ഇപ്പോൾ നടപ്പിലാക്കുന്നത്. ഒറ്റപ്പെടലിനെ അത്രത്തോളം സ്നേഹിക്കുന്നവർക്കായി സ്വീഡനിൽ ഒരു ഫിലിം ഫെസ്റ്റിവൽ ഒരുക്കിയിരിക്കുകയാണ്.

സ്വീഡനിലെ പടിഞ്ഞാറൻ തീരത്ത് ചെയ്യുന്ന ഒരു ഒറ്റപ്പെട്ട ദ്വീപാണ് ഹാംനെസ്‌കർ. പ്രശസ്തമായ പാറ്റർ നോസ്റ്റർ ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഒരു ദ്വീപിലേക്ക് ഒരാഴ്ചത്തേക്ക് അയക്കും. ക്വാറന്റീൻ ജീവിതം അനുഭവിച്ചവർക്ക് ഇതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല എന്ന് തോന്നാം. എന്നാൽ, ദി ഐസൊലേറ്റഡ് സിനിമ എന്ന സംവിധാനത്തിൽ ഫോണോ ആധുനിക സംവിധാനങ്ങളോ ഉപയോഗിക്കാൻ സാധിക്കില്ല.

കടലിനു നടുവിൽ ഒറ്റയ്ക്ക് ഏഴുദിവസം കൊണ്ട് 60 ചിത്രങ്ങൾ കാണാം. ആരുമായും ഒരു ബന്ധവും ഇല്ലാതെ സിനിമയിൽ മുഴുകി അത്രയും ദിവസങ്ങൾ കഴിച്ചുകൂട്ടണം. ലോകത്തിന്റെ ഏത് ഭാഗത്തുള്ളവർക്കും ഈ അവസരത്തിനായി അപേക്ഷിക്കാം. എന്നാൽ, ഒരാൾക്ക് മാത്രമേ അവസരം ലഭിക്കൂ.

മാത്രമല്ല, സിനിമ കാണുകയും ഒരൊറ്റ ദിവസത്തെയും ചിത്രങ്ങളുടെ നിരൂപണവും കടലിനു നടുവിലെ ഏകാന്ത വാസത്തെക്കുറിച്ചും ദിവസേന വീഡിയോ ഡയറിയായി പങ്കുവയ്ക്കണം. മുൻപ്, ലൈറ്റ് ഹൗസ് കീപ്പർമാർ താമസിച്ചിരുന്നിടം നവീകരിച്ച് ഇവിടെയാണ് സിനിമകൾ പ്രദർശിപ്പിക്കുന്നത്. ഗോഥൻബർഗിലെ സ്കാൻഡിനേവിയം അരീന, ഡ്രേകൻ സിനിമ എന്നിവിടങ്ങിലും സമാന രീതിയിൽ ഐസൊലേറ്റഡ് ഫിലിം സ്ക്രീനിംഗ് നടത്തും.

ഫിലിം വെബ്‌സൈറ്റിൽ രെജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും ഒരാളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. ജനുവരി പത്തൊൻപതിനാണ് തിരഞ്ഞെടുപ്പ്. ജനുവരി 30 മുതൽ തിരഞ്ഞെടുക്കപെടുന്നയാൾക്ക് ദ്വീപിൽ താമസിക്കാം. ഒരാഴ്ച കഴിയാനുള്ള എല്ലാ കാര്യങ്ങളും അവിടെ ഒരുക്കിയിട്ടുമുണ്ട്.

Story highlights- gothenburg film festival