ഇനി ബലൂണിൽ പറന്ന് മൃഗങ്ങളെ കാണാം; ഇന്ത്യയിൽ ആദ്യമായി ഹോട്ട് എയർ ബലൂൺ സൗകര്യം ഏർപ്പെടുത്തിയ മൃഗശാല

January 9, 2021
hot air ballon

കൗതുകം നിറഞ്ഞ കാഴ്ചകൾ ആസ്വദിക്കാനും വന്യ മൃഗങ്ങളെ കാണുന്നതിനുമൊക്കെയായി ലോകത്തിന്റെ വിവിധ ഇടങ്ങളിലേക്ക് യാത്ര പോകുന്ന നിരവധിപ്പേരെ നാം കാണാറുണ്ട്. അത്തരത്തിൽ മനോഹരമായ കാഴ്ചകൾ തേടിപോകുന്നവരെ സ്വീകരിക്കാനായി ഉള്ള ഒരിടമാണ് മധ്യപ്രദേശിലെ ബന്ദവ്ഗഡ് ടൈഗർ റിസർവ്. ഇപ്പോഴിതാ ഇന്ത്യയിൽ ആദ്യമായി മൃഗങ്ങളെ കാണുന്നതിനായി ഹോട്ട് എയർ ബലൂൺ സൗകര്യം ഒരുക്കിയിരിക്കുകയാണ് ബന്ദവ്ഗഡ് ടൈഗർ റിസർവ്.

കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ഒരുക്കിയിരിക്കുന്ന ഹോട്ട് എയർ ബലൂൺ സൗകര്യം കഴിഞ്ഞ ഡിസംബർ 25 മുതലാണ് ഇവിടെ ആരംഭിച്ചത്. ഇത്തരത്തിൽ ബലൂൺ യാത്രയിൽ വന്യജീവി സങ്കേതത്തിലെ കടുവ, കരടി, പുള്ളിപ്പുലി തുടങ്ങി നിരവധി മൃഗങ്ങളെ കാണാൻ കഴിയും.ഈ സാഹചര്യത്തിൽ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉണർവേകാൻ ഇത് സഹായിക്കും എന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Read also:ലോക റെക്കോർഡ്സിൽ ഇടംനേടി അഞ്ചുവയസുകാരി പ്രേഷ: തിരിച്ചറിഞ്ഞത് 150 രാജ്യങ്ങളുടെ പതാകയും തലസ്ഥാനങ്ങളും

അതേസമയം നേരത്തെ ആഫ്രിക്ക ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു കടുവ സംരക്ഷണ കേന്ദ്രത്തിൽ ഹോട്ട് എയർ ബലൂൺ സഫാരി ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ കൻഹ, പെഞ്ച്, പന്ന കടുവ സംരക്ഷണ കേന്ദ്രത്തിലും ഇത്തരം സഫാരി സേവനം ഏർപ്പെടുത്താൻ സംസ്ഥാനം പദ്ധതിയിടുന്നതായും മധ്യപ്രദേശ് വനവകുപ്പ് മന്ത്രി വിജയ് ഷാ അറിയിച്ചിട്ടുണ്ട്.

ഹോട്ട് എയർ ബലൂൺ സൗകര്യം ഏർപ്പെടുത്തുമ്പോൾ എല്ലാ മൃഗങ്ങൾക്കും സന്ദർശകർക്കും സുരക്ഷ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. സുരക്ഷിതമായ ഉയരത്തിൽ മാത്രമേ ബലൂൺ പറപ്പിക്കുകയുള്ളു, ലാൻഡിങ്ങും ടേക്ക് ഓഫും ബഫർ സോണിനുള്ളിൽ മാത്രമേ അനുവദിക്കുകയുള്ളുവെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Story Highlights:indias first hot air balloon safari launched in bandhavgarh tiger reserve