ഒമർ ലുലു ഒരുക്കുന്ന പവർ സ്റ്റാറിലൂടെ ‘കെ ജി എഫ്’ സംഗീത സംവിധായകൻ മലയാളത്തിലേക്ക്

സൂപ്പർഹിറ്റ് കന്നഡ ചിത്രം കെ ജി എഫിന്റെ സംഗീത സംവിധായകൻ മലയാളത്തിലേക്ക്. ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാർ എന്ന ചിത്രത്തിൽ സംഗീതം പകരുന്നത് ബസ്‌റൂൾ രവിയാണ്. ഒമർ ലുലു തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവെച്ചത്.

ബാബു ആന്റണി നായകനായി എത്തുന്ന ചിത്രത്തിൽ ബാബുരാജ്, റിയാസ് ഖാൻ, അബു സലിം എന്നിവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷൻ പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും അമേരിക്കൻ ബോക്‌സിങ് ഇതിഹാസം റോബർട്ട് പർഹാമും അഭിനയിക്കുന്നുണ്ട്. ഇവർക്കും പുറമെ കന്നഡ താരം ശ്രേയസ് മഞ്ജുവും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

2019 ൽ പുറത്തിറങ്ങിയ “പാഡെ ഹുളി” എന്ന ആക്ഷൻ ചിത്രത്തിലെ ഫൈറ്റ് രംഗങ്ങളിലൂടെ ഏറെ ശ്രദ്ധനേടിയ താരമാണ് ശ്രേയസ് മഞ്ജു. കൊക്കെയ്ൻ വിപണി പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഡെന്നീസ് ജോസഫ് തിരക്കഥ ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം മംഗലാപുരം, കാസർഗോഡ്, കൊച്ചി എന്നിവടങ്ങളിലായിരിക്കും നടക്കുക.

Read More: പാട്ടുവേദിയെ ആവേശഭരിതമാക്കാൻ ചിരിപ്പാട്ടുമായി എത്തിയ നിമക്കുട്ടി, വീഡിയോ

സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായ ‘അഡാർ ലവിനു ശേഷം ഒമർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പവർ സ്റ്റാർ. ഹാപ്പി വെഡിങ്, ചങ്ക്സ് എന്നിവയാണ് ഒമർ ലുലു സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ.

Story highlights- Music director of power star