170 രൂപയുമായി സൈക്കിളിൽ ഇന്ത്യ ചുറ്റാനിറങ്ങി, വഴിച്ചിലവിനായി ചായ വിറ്റ് പണം കണ്ടെത്തി; സ്റ്റാറാണ് നിതിൻ

January 13, 2021
nithin solo traveller

തൃശൂർ ആമ്പല്ലൂരിലെ വീട്ടിൽ നിന്നും കാശ്മീരിലേക്ക് യാത്രക്കിറങ്ങുമ്പോൾ വഴിച്ചിലവിനായി നിതിനെന്ന 23 കാരന്റെ കൈയിൽ ഉണ്ടായിരുന്നത് ആകെ 170 രൂപയാണ്. സ്വന്തം സൈക്കിളിൽ യാത്രക്കിറങ്ങുമ്പോൾ ഇന്ത്യ മുഴുവൻ ചുറ്റിക്കാണണം എന്നായിരുന്നു ആഗ്രഹം. നിതിന്റെ ഈ ആഗ്രഹത്തിന് മുന്നിൽ പണം ഒരു തടസ്സമായില്ല. ഓരോ ദിവസവും വഴിച്ചിലവിനായുള്ള പണം നിതിൻ കണ്ടെത്തിയത് വഴിയോരങ്ങളിലെത്തുന്ന യാത്രക്കാർക്ക് ചായ ഉണ്ടാക്കി വിറ്റാണ്.

ആമ്പല്ലൂരിലെ വീട്ടിൽ നിന്നും കാശ്മീരിലേക്കുള്ള യാത്ര തുടങ്ങിയിട്ട് പത്ത് ദിവസങ്ങൾ പിന്നിടുമ്പോൾ ഗോവയിലാണ് നിതിനിപ്പോൾ. തൃശൂരിലെ ഒരു റെസ്റ്റോറന്റിൽ ജീവനക്കാരനായിരുന്നു നിതിൻ. അവിടെ ജ്യൂസും ചായയുമൊക്കെ ഉണ്ടാക്കലാണ് നിതിന്റെ ജോലി. ലോക്ക് ഡൗൺ കാലത്ത് ജോലി നഷ്ടപ്പെട്ടവരിൽ ഒരാളായിരുന്നു നിതിനും.

ചായക്കടയിലെ ജോലിക്കിടയിലും ഒരു സിനിമ സംവിധായകനാകണം എന്നായിരുന്നു നിതിന്റെ ആഗ്രഹം. യാത്രയും ഫോട്ടോഗ്രഫിയുമാണ് നിതിന്റെ ഇഷ്ട വിനോദങ്ങൾ. ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്ന് ബോറടിച്ചപ്പോളാണ് നാടുചുറ്റാനായി ഇറങ്ങിയാലോ എന്ന ചിന്ത നിതിനിൽ ഉടലെടുത്തത്. പുതുവർഷത്തിലെ പുതിയ തുടക്കമായി നിതിൻ യാത്രക്കൊരുങ്ങി. എന്നാൽ എങ്ങനെ ഇത്രയധികം ദൂരം യാത്ര പോകും എന്നാലോചിച്ചപ്പോഴാണ് അനിയന്റെ പഴയ സൈക്കിൾ നിതിന്റെ കണ്ണിൽപ്പെടുന്നത്. പിന്നെ അതിലാകാം യാത്ര എന്ന് ഉറപ്പിച്ചു. എന്നാൽ സൈക്കിളിന് അല്പം അറ്റകുറ്റപ്പണികൾ ആവശ്യമായിരുന്നു. ഇതിനുള്ള പണം നിതിൻ കണ്ടെത്തിയത് ജോലി ചെയ്ത് സമ്പാദിച്ച പണം ഉപയോഗിച്ച് വാങ്ങിയ ക്യമറ വിറ്റാണ്. അങ്ങനെ ജനുവരി ഒന്നിന് സൈക്കിളിൽ യാത്രക്കുള്ള അത്യാവശ്യ സൗകര്യങ്ങളുമായി നിതിൽ യാത്രതുടങ്ങി. ഫെബ്രുവരി അവസാനത്തോടെ കാശ്മീരിൽ എത്താമെന്ന പ്രതീക്ഷിയിലാണ് നിതിനിപ്പോൾ.

Read also:സിനിമയെ സ്നേഹിക്കുന്നവരുടെ കഥ പറഞ്ഞ് മോഹൻകുമാർ ഫാൻസ് ഒരുങ്ങുന്നു; ഉള്ളംനിറച്ച് ട്രെയ്‌ലർ

കേരള ലൈവ് ഫെസ്റ്റിവൽ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് നിതിനെക്കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. നിതിന്റെ യാത്രയെക്കുറിച്ചറിഞ്ഞ് നിരവധിപ്പേർ നിതിന് സഹായവുമായി എത്തിയിരുന്നു. ഇങ്ങനെ ലഭിച്ചതാണ് സുരക്ഷയ്ക്കായുള്ള ഹെൽമറ്റും ഗ്ലൗസുമൊക്കെ.

Story Highlights: Nithin cycling from thrishur to kashmir