പത്മരാജൻ ഓർമ്മകളിൽ ദേവാംഗണങ്ങൾ പാടി നിരഞ്ജന- കവർ ഗാനം

മലയാള സിനിമാലോകത്ത് ഗന്ധർവ പ്രണയം നിറച്ച അതുല്യ കലാകാരൻ പത്മരാജന്റെ ഓർമ്മദിനമാണിന്ന്. മരിക്കാത്ത ഓർമ്മകളിൽ അനേകം സിനിമാപ്രേമികളിലൂടെ ഇന്നും ജീവിക്കുന്ന പത്മരാജന് പ്രണാമം അർപ്പിച്ച് നിരവധി പ്രമുഖർ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ, പാട്ടിലൂടെ ആദരവ് അറിയിക്കുകയാണ് ഒരു യുവഗായിക. പത്മരാജന്റെ അവസാന ചിത്രമായ ഞാൻ ഗന്ധർവനിലെ ദേവാംഗണങ്ങൾ എന്ന ഗാനത്തിന് കവർ വേർഷൻ ഒരുക്കിയിരിക്കുന്നത് നിരഞ്ജന എസ് ആണ്. നിയമസഭാ സ്പീക്കർ പി രാമകൃഷ്ണന്റെ മകളാണ് നിരഞ്ജന. അദ്ദേഹമാണ് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്;

ഇന്ന് പത്മരാജൻ സ്മരണ ദിനം… തുടക്കക്കാരിയുടെ കുറവുകളുണ്ടാകാമെങ്കിലും എന്റെ മകൾ അമ്മു (നിരഞ്ജന)വിന്റെ ഈ ഗാനാർച്ചന പത്മരാജന്റെ സ്മരണകൾക്കു മുമ്പിൽ സമർപ്പിക്കുന്നു. ഇതിൻ്റ ദൃശ്യാവിഷ്കാരം നടത്തിയത് എൻ്റെ സുഹൃത്തും സിനിമാ നടനുമായ റിയാസ് ഹസ്സൻ (ആകാശഗംഗ ഫെയിം) ആണ്. ഓരോ മഴത്തുള്ളിയും കഥാഖ്യാനത്തിന്റെ ഭാഗമാകുന്ന ദൃശ്യ മാസ്മരികത മലയാളി അനുഭവിക്കുകയായിരുന്നു പത്മരാജൻ സിനിമകളിൽ. മുത്തശ്ശിക്കഥയിലെ കെട്ടുകഥ സുന്ദരമായ പ്രണയശില്പമായി മാറി. കണ്ട ഓരോരുത്തരുടെയും മനസ്സിൽ ഒരു ഗന്ധർവ പ്രതിമ കൊണ്ടിടുന്ന പ്രതിഭയുടെ തിരക്കൈകൾ…

കൈതപ്രത്തിന്റെ വരികൾക്ക് ജോൺസൺ മാഷിന്റെ സംഗീതം കൂടി ആയപ്പോൾ മൻമഥൻ കൊടിയേറുന്ന ചന്ദ്രോത്സവമായി. ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകങ്ങൾ ഗാനഗന്ധർവന്റെ ആലാപനത്തിലൂടെ ഭൂമിയിലെ പ്രണയാർദ്ര മനസ്സുകളിൽ വിലോല മേഘമായ് മാറി. “ഞാൻ ഗന്ധർവനി”ലെ ആ ഗാനമോർക്കാതെ പത്മരാജൻ സ്മൃതി പൂർണമാകില്ല. ചിത്രശലഭമായി വന്ന് ആ ചലച്ചിത്ര ഗന്ധർവൻ ഭൂമിയിലീ പാട്ട് ആളുകൾ ഏറ്റു പാടുന്നത് കേൾക്കുന്നുണ്ടാകാം. കേവല കല്പനയാകാം, പത്മരാജനെ കുറിച്ച് സംസാരിക്കുമ്പോൾ ആരും കാല്പനികനാവുമെന്നതാണ് സത്യം.

Story highlights- njan gandharvan movie song cover version