മുഹമ്മദ് അസ്ഹറുദ്ദീന്റെ വെടിക്കെട്ട് പ്രകടനം; അഭിനന്ദിച്ച് കേരള മുഖ്യമന്ത്രി

സയ്യിദ് മുഷ്‌താഖ് അലി ടി 20 ട്രോഫിയിൽ കേരളത്തിന് വേണ്ടി മുംബൈയ്ക്കെതിരെ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച മുഹമ്മദ് അസ്ഹറുദ്ദീനെ അഭിനന്ദിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹമാധ്യമത്തിലൂടെയാണ് മുഹമ്മദ് അസ്ഹറുദ്ദീനെ അഭിനന്ദിച്ച് പിണറായി വിജയൻ എത്തിയത്. ഇനിയും സ്ഥിരതയോടെ മികവുറ്റ രീതിയിൽ മുന്നോട്ട് പോകാൻ സാധിക്കട്ടെയെന്നാണ് മുഖ്യമന്ത്രി കുറിച്ചത്.

‘സയ്യിദ് മുഷ്താഖ് അലി ട്വൻ്റി-ട്വൻ്റി ടൂർണമെൻ്റിൽ മുംബൈക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച മുഹമ്മദ് അസ്ഹറുദ്ദീനെ ഹാർദ്ദമായി അഭിനന്ദിക്കുന്നു. വളരെ കുറച്ചു പന്തുകൾ നേരിട്ടു കൊണ്ട് അദ്ദേഹം നേടിയ സെഞ്ച്വറി കേരളത്തിനു തിളക്കമാർന്ന വിജയമാണ് സമ്മാനിച്ചത്. സ്ഥിരതയോടെ മികവുറ്റ രീതിയിൽ മുന്നോട്ടു പോകാൻ അദ്ദേഹത്തിനു സാധിക്കട്ടെ. അഭിമാനാർഹമായ വിജയം കരസ്ഥമാക്കിയ കേരള ക്രിക്കറ്റ് ടീമിനും അഭിനന്ദനങ്ങൾ. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ഈ ജയം പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു.’ എന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഓപ്പണറായിറങ്ങിയ അസ്ഹറുദ്ദീൻ 54 പന്തിൽ ഒൻപത് ഫോറും 11 സിക്‌സും സഹിതം 137 റൺസുമായി പുറത്താകാതെ നിന്നു. 37 പന്തിൽ നിന്നാണ് അസ്ഹറുദ്ദീൻ സെഞ്ചുറി നേടിയത്. സയ്യിദ് മുഷ്‌താഖ് അലി ട്വന്റി 20 യിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോർ, സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ ഒരു കേരളതാരത്തിന്റെ ആദ്യ സെഞ്ചുറി, സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ ഒരു ഇന്നിങ്സിൽ ഏറ്റവുമധികം സിക്‌സറുകൾ നേടുന്ന താരം എന്നീ റെക്കോർഡുകളെല്ലാം ഇതോടെ അസഹ്റുദ്ദീന്റെ പേരിൽ കുറിക്കപ്പെട്ടു.

Read also:ബീപാത്തുവിന്റെ ഓർമ്മകളിൽ ഒരു നാട്; പ്രിയപ്പെട്ട നായയ്‌ക്കായി ശിൽപം ഒരുക്കി നാട്ടുകാർ

സയ്യിദ് മുഷ്താഖ് അലി ട്വൻ്റി-ട്വൻ്റി ടൂർണമെൻ്റിൽ മുംബൈക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച മുഹമ്മദ് അസ്ഹറുദ്ദീനെ…

Posted by Pinarayi Vijayan on Wednesday, January 13, 2021

അതേസമയം അസ്ഹറുദ്ദീന് ഒരു റണ്ണിന് 1000 രൂപവച്ച് 1,37,000 രൂപ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. 20 പന്തിൽനിന്ന് അർധസെഞ്ചുറി പിന്നിട്ട അസ്ഹറുദ്ദീൻ, 37 പന്തിൽനിന്നാണ് 100 കടന്നത്. അതേസമയം, ഈ നേട്ടം അസ്ഹറുദ്ധീന് ഐ പി എല്ലിലേക്ക് വഴിയൊരുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Story Highlights:pinarayi vijayan praises muhammed azharudddin