യാത്രയും സംഗീതവും പരസ്പരം ഇഴചേർന്ന് നിൽക്കുന്നുവെന്നാണ് പൊതുവെ പറയാറുള്ളത്. അതുകൊണ്ടുതന്നെ മനോഹരമായ യാത്രപോകുന്നവർ സുന്ദരമായ സംഗീതവും ആസ്വദിക്കാറുണ്ട്.. എന്നാൽ ഇംഗ്ലണ്ടിലെ പെന്നൈൻ ഹിൽ റേഞ്ചിലേക്ക് യാത്ര പോകുന്നവരെ കാത്തിരിക്കുന്നത് അത്ഭുതം നിറച്ചൊരു സംഗീതാനുഭവമാണ്. കാറ്റിനനുസരിച്ച് മനോഹരമായ സംഗീതം പൊഴിക്കുന്ന ഒരു ട്രീയുണ്ട് ഇവിടെ. ഇംഗ്ലണ്ടിലെ ലങ്കാഷെയറിലെ പെന്നൈൻ ഹിൽ റേഞ്ചിലെ ഈ സംഗീതം ആസ്വാദിക്കാനായി നിരവധിപ്പേരാണ് ഇവിടേക്ക് എത്താറുള്ളത്.
മൂന്ന് മീറ്ററോളം ഉയരത്തിൽ നിർമിച്ചിരിക്കുന്ന സിഗിംഗ് റിങ്ങിങ് ട്രീയ്ക്ക് ഇനിയുമുണ്ട് നിരവധി പ്രത്യേകതകൾ. 21 പാളികളിൽ 320-ഓളം സ്റ്റീൽ പൈപ്പുകൾ ഉപയോഗിച്ച് പ്രത്യേക രീതിയിലാണ് ഈ മരം ഒരുക്കിയിരിക്കുന്നത്. കാറ്റിന്റെ ശക്തിയ്ക്ക് അനുസരിച്ച് മനോഹരമായ സംഗീതമാണ് ഈ മരം പൊഴിക്കുന്നത്. ഓരോ തവണ ഇവിടെ കാറ്റ് വീശുമ്പോഴും ആ പ്രദേശത്തെ മുഴുവൻ ഈ മരം സംഗീത സാന്ദ്രമാക്കും. മരത്തിന്റെ ആകൃതിയിൽ നിര്മിച്ചതിനാലാണ് ഇതിനെ സിഗിംഗ് ട്രീ എന്ന് വിളിക്കുന്നത്.
വാസ്തു ശില്പികളായ മൈക്ക് ടോങ്കിൻ, അന്ന ലിയു എന്നിവർ ചേര്‍ന്നാണ് സിഗിംഗ് റിങ്ങിങ് ട്രീ നിർമിച്ചത്. ഈസ്റ്റ് ലങ്കാഷെയറിൽ നടത്തിയ ഒരു പ്രോജക്ടിന്റെ ഭാഗമായാണ് ഈ മനോഹരമായ നിർമിതി മൈക്ക് ടോങ്കിനും അന്ന ലിയും ചേർന്ന് ഒരുക്കിയത്. 2017 ലാണ് ഈ നിർമിതിയ്ക്ക് കൂടുതൽ പ്രചാരം ലഭിച്ചത്. ഇതോടെ രണ്ടാമത്തെ സിഗിംഗ് റിങ്ങിങ് ട്രീ അമേരിക്കയിലെ ടെക്സസിലുള്ള മാനർ പട്ടണത്തിലും സ്ഥാപിച്ചു. നിരവധി വിനോദ സഞ്ചാരികളാണ് ഈ വ്യത്യസ്തമായ നിർമിതി കാണുന്നതിനും ഇവിടുത്തെ സംഗീതം ആസ്വദിക്കുന്നതിനുമായി ഇവിടേക്ക് എത്താറുള്ളത്.
Story Highlights: Singing Ringing Tree in Lancashire England