സുന്ദരകാഴ്ചകൾക്കൊപ്പം രസകരങ്ങളായ വിശ്വാസങ്ങളും; അമ്പരപ്പിച്ച് ഭൂമിക്കടിയിലെ തീം പാർക്ക്

January 22, 2021

ലോകപ്രശസ്തമായടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പേരിൽ ശ്രദ്ധനേടിയ പ്രദേശമാണ് റൊമേനിയ. വർഷങ്ങൾക്ക് മുമ്പ് ഇവിടെ നിലനിന്നിരുന്ന ഉപ്പുഖനികളും, രണ്ടാം ലോക മഹായുദ്ധകാലത്ത് ബോംബ് ഷെൽട്ടറുകളായി ഉപയോഗിച്ച ഗുഹകളുമടക്കം ഇന്ന് വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന പ്രധാന കാര്യങ്ങളാണ്. എന്നാലിന്ന് ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ടായി മാറിയിരിക്കുകയാണ് ഭൂമിക്കടിയിൽ ഒരുക്കിയിരിക്കുന്ന സലീന തുർദ എന്ന തീം പാർക്ക്. ഏറെ അത്ഭുതങ്ങളാണ് ഈ പാർക്കിൽ എത്തുന്നവരെ കാത്തിരിക്കുന്നത്.

ഭൂമിക്കടിയിലായി നൂറ് മീറ്ററോളം ആഴത്തിലാണ് ഈ തീം പാർക്ക് ഒരുക്കിയിരിക്കുന്നത്. 2008 ലാണ് ഹലോതെറാപ്പി കേന്ദ്രമായിരുന്ന ഈ കെട്ടിടത്തെ സുന്ദരമായ ഒരു തീം പാർക്കാക്കി മാറ്റിയത്. പിന്നീട് 2010 മുതൽ ഈ തീം പാർക്ക് വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തു. അന്നുമുതൽ ലക്ഷക്കണക്കിന് വിനോദസഞ്ചാരികളുടെ ഇഷ്ടഇടമായി മാറിക്കഴിഞ്ഞു സലീന തുർദ.

ഭൂമിക്കടിയിലെ ഈ തീം പാർക്കിലേക്കുള്ള യാത്രയാണ് ഏറെ ആകർഷകം. വളരെ ഇടുങ്ങിയ തുരങ്കങ്ങളിലൂടെ വേണം ഇവിടേക്ക് എത്തപ്പെടാൻ. തീം പാർക്കിലേക്ക് പോകുന്നതിനായി ഗ്ലാസ് കൊണ്ടുള്ള എസ്കലേറ്ററും ഇവിടെ ഒരുക്കിയിട്ടുണ്ട്. പാർക്കിൽ എത്തിയാൽ നിരവധി അത്ഭുതങ്ങളാണ് വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത്. ഇവിടെ മനോഹരമായ ഒരു ഭൂഗർഭ തടാകവും ഉണ്ട്. ഇതിലൂടെ ബോട്ടിൽ സഞ്ചരിക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വ്യത്യസ്ത രീതിയിലുള്ള മൈൻ ഖനികളും ഇവിടെ എത്തുന്നവരെ ആകർഷിക്കുന്ന കാഴ്ചയാണ്. ഇവിടെത്തുന്നവരെ സ്വാഗതം ചെയ്യാനായി പാർക്കിനകത്ത് നിരവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറത്ത് റൊമാനിയൻ ഫുഡ് സ്റ്റാളുകളും കൗതുക വസ്തുക്കൾ വിൽക്കുന്ന കടകളും ഒരുക്കിയിട്ടുണ്ട്.

ഇതിനൊക്ക പുറമെ സലീന തുർദയ്ക്കുള്ളിലെ വായുവിന് ചില ആരോഗ്യഗുണങ്ങൾ ഇണ്ടെന്നും ഇവിടുള്ളവർ വിശ്വസിക്കുന്നു. ശ്വാസകോശസംബന്ധമായ അസുഖങ്ങൾ, പനി, വിട്ടുമാറാത്ത ചുമ എന്നി രോഗങ്ങൾക്ക് ഇവിടുത്തെ ഉപ്പു കലർന്ന വായു നല്ലതാണെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. എന്നാലിത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

Story Highlights: The amusement park located 100m under the ground