ടോളിവുഡിലും തിരക്കുള്ള താരമായ് ഉണ്ണി മുകുന്ദൻ; രവി തേജയ്ക്കൊപ്പം ‘കില്ലാടി’ ഒരുങ്ങുന്നു

മലയാള സിനിമയ്ക്കപ്പുറം തെലുങ്കിലും ആരാധകരെ നേടിയെടുത്ത ചലച്ചിത്രതാരമാണ് ഉണ്ണി മുകുന്ദൻ. ജനത ഗാരിയേജ്, ഭാഗമതി എന്നീ ചിത്രങ്ങൾക്ക് ശേഷം ഉണ്ണി മുകുന്ദൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരു തെലുങ്ക് ചിത്രം കൂടി അണിയറയിൽ ഒരുങ്ങുകയാണ്. ‘കില്ലാടി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ രവി തേജയ്ക്കൊപ്പമാണ് ഉണ്ണി മുകുന്ദൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

രമേശ് വർമ്മ സംവിധാനം നിർവഹിക്കുന്ന ചിത്രം ഹൈദരാബാദിൽ വെച്ചാണ് ചിത്രീകരിക്കുന്നത്. സത്യനാരായണ കൊനേരു നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത് വാസുദേവാണ്. ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഡിംപിൾ ഹ്യാട്ടിയാണ്. അർജുൻ സർജയും ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അതേസമയം നിരവധി ചിത്രങ്ങളാണ് ഉണ്ണി മുകുന്ദന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മേപ്പടിയാൻ’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി, ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നുണ്ട്. ഉണ്ണി മുകുന്ദനൊപ്പം അഞ്ചു കുര്യൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദനാണ് നിർമിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു മോഹനാണ്.

ഉണ്ണി മുകുന്ദന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ‘ബ്രൂസ്‌ ലീ’. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം 25 കോടിയോളം മുതൽ മുടക്കിലാണ് ഒരുങ്ങുന്നത്. മാസ് ആക്ഷൻ എന്റർടൈനർ നിർമിക്കുന്നത്‌ ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ആണ്. 

Story Highlights:unni mukundan starring telugu film killadi