സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കുമ്പോള്‍ പ്രദര്‍ശനത്തിനെത്തുന്ന ആദ്യ മലയാള ചിത്രമാകാന്‍ ജയസൂര്യയുടെ ‘വെള്ളം’

January 12, 2021
Vellam release date announced

കൊവിഡ് 19 മഹാമാരി തീര്‍ത്ത പ്രതിസന്ധിമൂലം നിശ്ചലമായിരുന്ന തിയേറ്ററുകള്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. നാളെ മുതല്‍ സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. തിയേറ്റര്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തുന്ന മലയാള ചിത്രമാകാന്‍ ഒരുങ്ങുകയാണ് വെള്ളം ജയസൂര്യയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ജനുവരി 22 നാണ് വെള്ളം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക. പ്രജേഷ് സെന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് ജയസൂര്യയുടെ വാക്കുകള്‍

സിനിമയും വിനോദവുമെല്ലാം നമ്മുടെ ജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. തിയേറ്ററുകളില്‍ ഇരുന്ന് സിനിമ കാണാന്‍ നമ്മള്‍ എല്ലാവരും കൊതിച്ചിരിക്കുകയായിരുന്നു അല്ലേ. കൊവിഡ് പ്രതിസന്ധികള്‍ക്കൊടുവില്‍ തിയേറ്ററുകള്‍ തുറന്നിരിക്കുകയാണ്. ആദ്യ ചിത്രമായി ഞാന്‍ അഭിനയിച്ച ‘വെള്ളം’ പ്രദര്‍ശനത്തിനെത്തുന്നത് എന്നതില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്.

എന്റെ കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള സിനിമയാണ് വെള്ളം. ക്യാപ്റ്റന് ശേഷം പ്രജേഷ് സെന്നിനൊപ്പമുള്ള ചിത്രം. ഏറെ ആസ്വദിച്ച് അഭിനയിച്ച ഒരു സിനിമയാണിത്. നിങ്ങളില്‍, നമ്മളില്‍ ഒരാളുടെ കഥയാണ് സിനിമ പറയുന്നത്. നമുക്ക് പരിചിതമല്ലാത്ത ഒന്നും ഈ സിനിമയിലില്ല. ഏറെ സംതൃപ്തി നല്‍കിയ കഥാപാത്രമാണ് വെള്ളത്തിലെ മുരളി. പൂര്‍ണമായും ലൈവ് സൗണ്ട് ആയാണ് വെള്ളം ചിത്രീകരിച്ചിരിക്കുന്നത്. ആ അനുഭവവും ഒന്നു വേറെ തന്നെയാണ്. പ്രിവ്യൂ കണ്ടവര്‍ മികച്ച സിനിമയെന്ന് വിലയിരുത്തിയതും വളരെ സന്തോഷം തരുന്നു

ഒരിക്കലും ‘വെള്ളം’ നിങ്ങളെ നിരാശപ്പെടുത്തില്ല എന്നത് തന്നെയാണ് എനിക്ക് തരാവുന്ന ഉറപ്പ്. അതുകൊണ്ട് തിയേറ്ററുകളിലെത്തി എല്ലാവരും സിനിമ കാണണം. അഭിപ്രായം അറിയിക്കണം. ഞങ്ങളെ പിന്തുണക്കണം. ഏറ്റവും പ്രധാനപ്പെട്ടത് ആരോഗ്യം തന്നെയാണ്. കൊവിഡ് ഭീതി നമ്മളെ വിട്ടൊഴിഞ്ഞിട്ടില്ല. എന്നാല്‍ കൊവിഡിനൊപ്പം ജീവിക്കാന്‍ നമ്മള്‍ ശീലിക്കുകയാണ്. കൊവിഡ് വാക്‌സിന്‍ കൂടി എത്തുന്നതോടെ മഹാമാരിയെ തുടച്ചു നീക്കാനാകുമെന്ന പ്രതീക്ഷ തന്നെയാണ് ഉള്ളത്.

തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തന്നെയായിരിക്കും. അത് അനുസരിക്കുന്നത് പ്രധാനമാണ്. തിക്കും തിരക്കും ഒഴിവാക്കി, സാമൂഹിക അകലം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുമല്ലോ. മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് മാറിയ ശേഷം മാത്രം എത്തുക. അലക്ഷ്യമായി തുപ്പാതിരിക്കുകയോ സാധനങ്ങള്‍ വലിച്ചെറിയാതിരിക്കുകയോ ചെയ്യുക. കുടുംബത്തിനും കുഞ്ഞുങ്ങള്‍ക്കും വേണ്ടിയാണ് നമ്മള്‍ ജീവിക്കുന്നത്. കുടുംബത്തോടൊപ്പം തന്നെ കാണേണ്ട സിനിമയാണ് വെള്ളം. മികച്ച ഒരു ഫാമിലി എന്റര്‍ടെയ്‌നറായാണ് വെള്ളം എത്തുന്നത്. പക്ഷേ സുരക്ഷിതരായിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നു. കൂടെ നിന്ന എല്ലാവരോടും നന്ദി.

സ്‌നേഹത്തോടെ ജയസൂര്യ.

Story highlights: Vellam release date announced