കൊവിഡ് വാക്സിൻ സ്വീകരിക്കാൻ തൊണ്ണൂറുകാരി കൊടുംമഞ്ഞിൽ നടന്നത് ആറു മൈൽ ദൂരം

February 18, 2021

ലോകത്തിന്റെ പലഭാഗങ്ങളിലും കൊറോണ വാക്സിൻ വളരെയധികം ക്ഷാമം നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ ആദ്യഘട്ടത്തിൽ തന്നെ വാക്സിൻ ലഭിക്കുന്നത് വളരെയധികം ഭാഗ്യമാണ്. അതുകൊണ്ട് തന്നെ അമേരിക്കയിലെ സിയാറ്റിൽ കൊടുംതണുപ്പും മഞ്ഞും താണ്ടി വാക്സിൻ സ്വീകരിക്കാനെത്തിയ വനിത വാർത്തകളിൽ നിറയുകയാണ്. കാരണം, വാക്സിന്റെ ആദ്യ ഷോട്ടെങ്കിലും ലഭിക്കണം എന്ന ഉദ്ദേശത്തോടെ ഫ്രാൻ ഗോൾഡ്മാൻ താണ്ടിയത് മഞ്ഞിലൂടെ ആറു മൈൽ ദൂരമാണ്. മാത്രമല്ല, തൊണ്ണൂറുവയസാണ് ഇവരുടെ പ്രായം.

ആരോഗ്യപ്രവർത്തകർക്കും പ്രായമായവർക്കുമാണ് വാക്സിന്റെ ആദ്യ ഘട്ടത്തിൽ മുൻഗണന. അതുകൊണ്ട് തന്നെ ഗോൾഡ്മാൻ വളരെ നാളുകളായി വാക്സിന് വേണ്ടി അപ്പോയ്ൻമെന്റിനായി കഷ്ടപ്പെടുകയായിരുന്നു. കാരണം, വാക്സിന്റെ ലഭ്യത അവിടെ അത്രത്തോളം കുറവാണ്. അങ്ങനെയിരിക്കെയാണ് 2021 ഫെബ്രുവരി 14 ന് കൊറോണ വൈറസ് വാക്‌സിനുള്ള അപ്പോയിന്റ്മെന്റ് സിയാറ്റിൽ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഫ്രാൻ ഗോൾഡ്മാന് ലഭിച്ചത്.

അതുകൊണ്ടുതന്നെ ഫ്രാൻ ഗോൾഡ്മാനെ തടയാൻ സിയാറ്റിലിൽ മഞ്ഞ് വീശിയടിച്ച ഒരു അപൂർവ ശൈത്യകാല കൊടുങ്കാറ്റിന് കഴിഞ്ഞില്ല. വളരെയധികം തയ്യാറെടുപ്പുകളോടെയാണ് അവർ വാക്സിൻ സ്വീകരിക്കാൻ യാത്ര ആരംഭിച്ചത്. ഫെബ്രുവരി 14 ഞായറാഴ്ചയയായിരുന്നു വാക്സിൻ സ്വീകരിക്കേണ്ടത്. എന്നാൽ, ഒരു തയ്യാറെടുപ്പ് ആവശ്യമുള്ളതുകൊണ്ടും മഞ്ഞുവീഴ്ച പ്രതിസന്ധി സൃഷ്ടിച്ചതുകൊണ്ടും അവർ ശനിയാഴ്ച തന്നെ ഒരു ട്രയൽ നടത്തി. കഴിഞ്ഞ വർഷം ഇടുപ്പ് മാറ്റിവെക്കാൻ ശസ്ത്രക്രിയക്ക് വിധേയയായിട്ടും അവർ ആ ദൂരം താണ്ടാൻ തയ്യാറായി. ആശുപത്രിയിലേക്കും തിരിച്ചും മൂന്നുവീതം ആറു മൈൽ ഫ്രാൻ ഗോൾഡ്മാൻ ആത്മബലത്തിന്റെ കരുത്തോടെ താണ്ടി. ഇത്രയും പ്രായമേറിയ വ്യക്തി ഇങ്ങനെയൊരു സാഹസിക യാത്ര നടത്തിയത് ലോകത്തിനു അത്ഭുതമാണെങ്കിലും ഫ്രാൻ ഗോൾഡ്മാൻ കൂളാണ്‌. ഇതേ വഴിയുള്ളു, അതുകൊണ്ട് ഈ യാത്ര സ്പെഷ്യൽ അല്ലെന്നാണ് അവർ പറയുന്നത്.

Story highlights- 90-year-old woman walks 6 miles through snow to get COVID-19 vaccine