സ്വന്തം കുടുംബത്തെ രക്ഷിക്കുമെന്ന് ശപഥമെടുത്തിറങ്ങിയ ജോര്‍ജ്ജുകുട്ടി മിടുക്കനാണ്; മലയാള സിനിമയിലെ ക്ലാസിക് കഥാപാത്രവും- ദൃശ്യം 2 റിവ്യൂ….

February 19, 2021
Drishym 2 movie review

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തന്ത്രങ്ങളും കുതന്ത്രങ്ങളുമായി ജോര്‍ജ്ജുകുട്ടി വീണ്ടും. പക്ഷേ പ്രേക്ഷകര്‍ക്ക് ഒരു നിരാശ മാത്രം, ആരവങ്ങളോടെ തിയേറ്ററില്‍ ഇരുന്ന് കാണേണ്ട പടം ലാപ്‌ടോപ്- മൊബൈല്‍ ഫോണ്‍ സ്‌ക്രീനുകളിലേയ്ക്ക് ചുരുങ്ങിയല്ലോ എന്ന സങ്കടം. പറഞ്ഞുവരുന്നത് ദൃശ്യം 2 എന്ന ചിത്രത്തെക്കുറിച്ചാണെന്ന് തിരിച്ചറിയാന്‍ മറ്റ് മുഖവരകള്‍ വേണമെന്നില്ല. ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസ് ആയ് പ്രേക്ഷകരിലേക്കെത്തിയ ദൃശ്യം രണ്ടാം ഭാഗത്തിന് മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നത്.

ദൃശ്യം; വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാള ചലച്ചിത്ര ആസ്വാദകര്‍ മറക്കാത്ത പേര്. ഒരിക്കലും മറക്കാത്ത ഒരു ദൃശ്യം പോലെ ആ സിനിമ ആസ്വാദകമനസ്സുകളില്‍ ഇടം നേടിയിരുന്നു. അത്രമേല്‍ സ്വീകരിക്കപ്പെട്ട ഒരു ചിത്രത്തിന് തുടര്‍ഭാഗം വരുമ്പോള്‍ പ്രതീക്ഷയേറെയായിരുന്നു പ്രേക്ഷകര്‍ക്കും. ആ പ്രതീക്ഷ തെല്ലും തെറ്റിയില്ല. എന്തുകൊണ്ടും ദൃശ്യത്തിന്റെ കൂടെപ്പിറപ്പുതന്നെയാണ് ദൃശ്യം 2 എന്നു പറയാം. കഥയിലും തിരക്കഥയിലും സംവിധാനത്തിലും അഭിനയത്തിലും എന്നുവേണ്ട എല്ലാ സംഗതികളിലും അത് അങ്ങനെതന്നെയാണ്. ദൃശ്യത്തോട് ഒപ്പം നില്‍ക്കുന്നു ദൃശ്യം രണ്ടാം ഭാഗവും.

ഏറെ പരിചിതമായ കഥാപാശ്ചാത്തലത്തില്‍ നിന്നുകൊണ്ടുതന്നെ സസ്‌പെന്‍സിന്റെ ഒരു കൂമ്പാരം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ്ക്കാന്‍ ജീത്തു ജോസഫ് എന്ന സംവിധായകന് സാധിച്ചു. നട്ടെല്ലുള്ള തിരക്കഥയും ചിത്രത്തിന്റെ ആകര്‍ഷണമാണ്. തിരക്കഥയിലും സംവിധാനത്തിലും ജീത്തു ജോസഫ് പുറത്തെടുത്ത ബ്രില്യന്‍സ് വര്‍ണനകള്‍ക്ക് അതീതം.

മോഹന്‍ലാല്‍ നല്ല നടനാണ്. അതിനേക്കാളും നല്ല നടനായിരിയ്ക്കുകയാണ് ജോര്‍ജ്ജുകുട്ടി. ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം ജോര്‍ജ്ജുകുട്ടിയില്‍ പ്രകടമായ പല മാറ്റങ്ങളും ഇന്നിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ക്കൂടിയാണ്. കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് അദ്ദേഹം തന്റെ കൂര്‍മ്മബുദ്ധിയ്ക്കും മൂര്‍ച്ച കൂട്ടിക്കൊണ്ടിരുന്നു. അതുതന്നെയാണ് ജോര്‍ജ്ജുകുട്ടി എന്ന കഥാപാത്രത്തിന്റെ വിജയവും. ഇത്തവണ ജോര്‍ജ്ജുകുട്ടിക്ക് പിടി വീഴും എന്നുറപ്പിച്ചിരിയ്ക്കുമ്പോഴാണ് ആരും ചിന്തിക്കാത്ത തരത്തില്‍ അദ്ദേഹം വരുണ്‍ കേസിനെ വഴിതിരിച്ചുവിടുന്നത്. തിരക്കഥയുടെ കരുത്തും മോഹന്‍ലാലിന്റെ അഭിനയമികവും ഇഴചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചതാകട്ടെ അതിഗംഭീരമായൊരു ദൃശ്യ മികവും.

കൊവിഡ് 19 എന്ന മഹാമാരിയുടെ കാലത്ത് പരിമിതമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ടാണ് ദൃശ്യം 2-ന്റെ ചിത്രീകരണം പോലും പൂര്‍ത്തിയാക്കിയത്. എന്നാല്‍ ആ പരിമിധികളെയെല്ലാം അതിജീവിച്ചരിയ്ക്കുകയാണ് ചിത്രം വിജയത്തിലൂടെ. ഒരുപക്ഷേ തിയേറ്ററുകളിലായിരുന്നു ചിത്രത്തിന്റെ റിലീസ് എങ്കില്‍ ആരവങ്ങളും ആര്‍പ്പുവിളികളും നിറഞ്ഞേനേ.

ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഓഗസ്റ്റ് നാലിന് പുലര്‍ച്ചെ നടന്ന ഒരു സംഭവത്തില്‍ നിന്നുമാണ് ചിത്രത്തിന്റെ തുടക്കം. ദൃശ്യത്തില്‍ സിനിമയെ സ്‌നേഹിച്ചിരുന്ന ജോര്‍ജ്ജുകുട്ടി രണ്ടാം ഭാഗത്തില്‍ അല്‍പംകൂടി വളര്‍ന്നിരിയ്ക്കുന്നു. ഒരു സിനിമാക്കാരനിലേയ്ക്കുള്ള വളര്‍ച്ച. എന്നാല്‍ ജോര്‍ജ്ജുകുട്ടി മൂര്‍ച്ചകൂട്ടിയെടുത്ത സിനിമാഭ്രമം പോലും ആ വലിയ രഹസ്യത്തെ സംരക്ഷിക്കാനുള്ള കോട്ടവാതില്‍ പണിതു. പ്രേക്ഷകര്‍ പോലും പ്രതീക്ഷിക്കാത്ത സമയത്ത് കഥയുടെ ഗതിമാറുമ്പോള്‍ ഓരോ കഥാപാത്രങ്ങളും വിസ്മയിപ്പിച്ചു.

സ്വയരക്ഷയ്ക്കായി ചെയ്ത ഒരു തെറ്റിന്റെ ഭാരവും പേറിയുള്ള ജീവിതമാണ് അഞ്ജുവിന്റേത്. പിടിക്കപ്പെടുമോ എന്ന ആദിയില്‍ സ്വയം നീറുന്ന റാണിയും. അന്‍സിബയും മീനയും എസ്തറും എല്ലാം തങ്ങളുടെ കഥാപാത്രങ്ങളെ പരിപൂര്‍ണതയിലെത്തിച്ചു. മുരളി ഗോപിയുടേതാണ് എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രം. ജോര്‍ജ്ജുകുട്ടിയെ പൂട്ടാന്‍ പൊലീസ് ഉദ്യോഗസ്ഥനായെത്തിയ താരത്തിന്റെ കണക്കുകൂട്ടലുകള്‍ക്ക് അനുസരിച്ച് കഥ പുരോഗമിച്ചെങ്കിലും ഒടുവില്‍ അയാള്‍ക്കും പരാജയപ്പെടേണ്ടി വന്നു. വരുണ്‍ കൊലക്കേസിന്റെ തുടരന്വേഷണം ഗംഭീരമാക്കി മുരളി ഗോപിയും ഗണേഷും ആശാ ശരത്തും അഞ്ജലി നായരും സുമേഷ് ചന്ദ്രനും ഒക്കെ ചേര്‍ന്ന്. പക്ഷെ ജോര്‍ജ്ജുകുട്ടിയുടെ കൂര്‍മതയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല അന്വേഷണ സംഘത്തിനും. സിദ്ദിഖിന്റെ കഥാപാത്രവും മികച്ചുനില്‍ക്കുന്നു.

ഒരുപക്ഷേ പ്രേക്ഷകന്റെ മനസ്സ് പോലും ഇടയ്‌ക്കൊന്ന് ചാഞ്ചാടിയിട്ടുണ്ടാകണം… പ്രത്യേകിച്ച് മകന്‍ നഷ്ടപ്പെട്ട ഒരു അച്ഛന്‍ മകനെ കുഴിച്ചിട്ടത് എവിടെയാണെന്ന് ചോദിയ്ക്കുമ്പോള്‍, ആ രഹസ്യം ജോര്‍ജ്ജുകുട്ടി പറയുമോ എന്നോര്‍ത്ത്. ജോര്‍ജ്ജുകുട്ടിയുടെ പ്രിയപ്പെട്ട ഭാര്യ ‘വിശ്വാസമുണ്ടെങ്കില്‍ എന്നോടെങ്കിലും ആ സത്യം പറ’ എന്ന് ആണയിടുമ്പോഴും പിടിച്ചു നിന്നു ജോര്‍ജ്ജുകുട്ടി. സ്വന്തം കുടുംബത്തെ രക്ഷിക്കുമെന്ന് ശപഥമെടുത്തിറങ്ങിയതാണ് അയാള്‍… അയാളെ നമുക്ക് ജയിക്കാനാവില്ല.. അതേ ജോര്‍ജ്ജുകുട്ടി ആയാള്‍ ക്ലാസ്സാണ്; മലയാള സിനിമയിലെ ക്ലാസിക് കഥാപാത്രവും….

Story highlights: Drishym 2 movie review