യുഎഇയുടെ ചൊവ്വാദൗത്യം ഹോപ് പ്രോബ് വിജയകരമാകുമ്പോള്‍ കൈയടി നേടി ഈ പെണ്‍കരുത്തും

February 10, 2021
Women scientists lead Arab world's first space mission to Mars

ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയതിന്റെ നിറവിലാണ് യുഎഇ. യുഎഇയുടെ ചൊവ്വാ ദൗത്യ പരിവേഷണ ഉപഗ്രഹമാണ് ഹോപ് പ്രോബ്. ഇത് ആദ്യമായാണ് ഒരു അറബ് രാജ്യം ചൊവ്വാ ദൗത്യം വിജയകരമാക്കുന്നത്. ലോകത്തില്‍ ഈ നേട്ടം കൈവരിയ്ക്കുന്ന അഞ്ചാമത്തെ രാഷ്ട്രമെന്ന ബഹുമതിയും ഇനി യുഎഇയ്ക്ക് സ്വന്തം.

യുഎഇ നേട്ടങ്ങളുടെ ഉന്നതിയിലെത്തി നില്‍ക്കുമ്പോള്‍ കൈയടി നേടുന്നത് സാറാ ബിന്‍ത് യൂസഫ് അല്‍ അമിരി എന്ന പെണ്‍കരുത്താണ്. ഹോപ് പ്രോബിന്റെ വിജയ ദൗത്യത്തില്‍ പങ്കാളികളായവരില്‍ എണ്‍പത് ശതമാനവും സ്ത്രീകളാണെന്നുള്ളതാണ് മറ്റൊരു ആകര്‍ഷണം. ഈ സ്ത്രീകളെ നയിച്ചതാകട്ടെ നൂതന സാങ്കേതികവിദ്യാ വകുപ്പ് മന്ത്രി സാറ ബിന്‍ത് യൂസഫ് അല്‍ അമിരിയാണ്.

ചെറുപ്പം മുതല്‍ക്കേ ആകാശത്തെ സ്വപ്‌നം കണ്ട പെണ്‍കുട്ടിയാണ് ഈ മുപ്പത്തിനാല് വയസ്സുകാരി. വിജയദൗത്യത്തില്‍ പങ്കാളിയായതിന്റെ സന്തോഷത്തിലാണ് ആ മുഖം. കഴിവുകൊണ്ടും ദൗത്യത്തിനു നല്‍കിയ സംഭാവനകള്‍ക്കൊണ്ടുമാണ് ടീമില്‍ വനിതകള്‍ ഇടം നേടിയതെന്നും അല്‍ അമിരി പറയുന്നു.

Read more: ലാബില്‍ കൃത്രിമമായി ബീഫ് നിര്‍മിച്ച് ഇസ്രയേല്‍ കമ്പനി

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അല്‍ അമിരി മന്ത്രി സഭയിലെ അംഗമാകുന്നത്. അതിനു മുന്‍പ് മാര്‍സ് മിഷന്‍ പ്രൊജക്ട് ആരംഭിച്ചപ്പോള്‍ അതിന്റെ പ്രൊജക്ട് മാനേജരായിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ യുഎഇയുടെ സ്‌പേസ് ഏജന്‍സിയുടെ ചെയര്‍ വുമണും സാറാ അല്‍ അമിരിയാണ്.

അതേസമയം ഏഴ് മസത്തെ യാത്രയ്ക്ക് ശേഷമാണ് ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. ഒരാഴ്ചയ്ക്കുള്ളില്‍ ചൊവ്വയില്‍ നിന്നുമുള്ള ചിത്രങ്ങള്‍ ഉപഗ്രഹം അയച്ചു തുടങ്ങും. 687 ദിവസം ചൊവ്വയില്‍ നിന്നും ഹോപ് പ്രോബ് വിവരങ്ങള്‍ ശേഖരിയ്ക്കും. ചൊവ്വാഗ്രഹത്തെ ഒരു തവണ വലം വയ്ക്കാന്‍ 55 മണിക്കൂര്‍ വേണം ഊ ഉപഗ്രഹത്തിന്.

Story highlights: Women scientists lead Arab world’s first space mission to Mars