പശുത്തൊഴുത്തിലിരുന്ന് പഠിച്ച് ജഡ്ജിക്കസേരയിലെത്തിയ മിടുക്കി

Milkman’s Daughter Sonal Sharma Cracks Judicial Services Exam

ചിലരുണ്ട്, സ്വന്തം ജീവിതംകൊണ്ട് മറ്റുള്ളവര്‍ക്ക് വലിയ പ്രചോദനം നല്‍കുന്നവര്‍. സോണല്‍ ശര്‍മ്മ എന്ന യുവതിയുടെ ജീവിതവും അനേകര്‍ക്ക് പ്രചോദനമാണ്. കുറവുകളും വെല്ലുവിളികളുമെല്ലാം തരണം ചെയ്ത് സ്വപ്‌നം സാക്ഷാത്കരിച്ച മിടുക്കി. പശുത്തൊഴുത്തിലിരുന്ന് പഠിച്ച് സോണല്‍ ശര്‍മ്മ എത്തിയത് ജഡ്ജിക്കസേരയിലേയ്ക്കാണ്.

ഉദയ്പൂര്‍ സ്വദേശിനിയാണ് സോണല്‍ ശര്‍മ്മ. ചെറുപ്പം മുതല്‍ക്കേ കഷ്ടപ്പാടുകളിലൂടെ വളര്‍ന്നവള്‍. ദാരിദ്ര്യം നിറഞ്ഞതായിരുന്നു ചുറ്റുപാടുകള്‍ ഒക്കേയും. പക്ഷെ അവയ്‌ക്കൊന്നും ഈ മിടുക്കിയുടെ ആത്മവിശ്വാസത്തേയും നിശ്ചയദാര്‍ഢ്യത്തേയും തളര്‍ത്താനായില്ല. ചെറുപ്പം മുതല്‍ക്കേ പശുത്തൊഴുത്തിലിരുന്നായിരുന്നു സോണല്‍ ശര്‍മ്മയുടെ പഠനം.

പിതാവ് ഖ്യാലി ലാല്‍ ശര്‍മമ്മ ഒരു പാല്‍ക്കച്ചവ്വടക്കാരനായിരുന്നു. അതുകൊണ്ടുതന്നെ അച്ഛന്റെ ബുദ്ധിമുട്ടുകളെല്ലാം അറിഞ്ഞുകൊണ്ടായിരുന്നു സോണലിന്റെ വളര്‍ച്ച. പശുത്തൊഴിത്തിലെത്തിയാല്‍ എണ്ണപ്പാത്രങ്ങളൊക്കെ ചേര്‍ത്തുവെച്ച് മേശയ്ക്ക് സമാനമായ സജ്ജീകരണമൊരുക്കിയിട്ടായിരുന്നു പഠനം. ചെറുപ്പം മുതല്‍ തുടര്‍ന്ന ഈ ശീലം ജുഡീഷ്യല്‍ പരീക്ഷയുടെ സമയത്തും സോണല്‍ ശര്‍മ്മ തുടര്‍ന്നു.

Read more: വിയര്‍പ്പും ശക്തിയുംകൊണ്ട് സ്ത്രീകള്‍ നേടിയെടുത്ത വിജയത്തിന്റെ ഓര്‍മപ്പെടുത്തല്‍; അറിയാം വനിതാ ദിനത്തിന്റെ ചരിത്രം

സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതുകൊണ്ടുതന്നെ ജുഡീഷ്യല്‍ പരീക്ഷയ്ക്ക് വേണ്ടി കോച്ചിങ് സെന്ററുകളിലൊന്നും സോണല്‍ പോയിരുന്നില്ല. പഠനം എല്ലാം സ്വയംതന്നെ. എല്ലാ ദിവസവും പത്ത് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെയെടുത്തു പഠനത്തിനായി. പാവപ്പെട്ടവരുടെ സാഹചര്യങ്ങള്‍ കണ്ടറിഞ്ഞതുകൊണ്ടുതന്നെ പാവപ്പെട്ടവര്‍ക്ക് നീതി ലഭ്യമാകാന്‍ സഹായിക്കുന്ന ഒരു പ്രൊഫഷന്‍ തെരഞ്ഞെടുക്കണമെന്നായിരുന്നു സോണലിന്റെ ആഗ്രഹം. അങ്ങനെയാണ് ജഡ്ജിയാകാന്‍ തീരുമാനിച്ച് തയാറെടുത്തതും. പഠനത്തിന് സഹായകമാകുന്ന പുസ്തകങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ ശേഖരണത്തിനായി സൈക്കിള്‍ ചവിട്ടിയാണ് സോണല്‍ യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ എത്തിയത്. അതും പുസ്തകം സ്വന്തമായി വാങ്ങാന്‍ പണമില്ലാത്തതിനാല്‍.

ഏറെ കഷ്ടപ്പാടുകള്‍ സഹിക്കേണ്ടിവന്നിട്ടുണ്ടെങ്കിലും സോണലിന് പഠിയ്ക്കാന്‍ സാഹചര്യം ഒരുക്കിയ മാതാപിതാക്കളും അഭിനന്ദനം അര്‍ഹിയ്ക്കുന്നു. സോണലിന്റെ സഹോദരങ്ങള്‍ക്കും മാതാപിതാക്കള്‍ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നുണ്ട്. ജീവിതവെല്ലുവിളികളെ ഒരു പുഞ്ചിരികൊണ്ട് തോല്‍പിച്ച് ജീവിത സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്ന സോണലിന്റെ ജീവിതം വലിയ മാതൃകയും പ്രചോദനവുമാണ്.

Story highlights: Milkman’s Daughter Sonal Sharma Cracks Judicial Services Exam