സംസ്ഥാനത്തെ തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോയ്ക്ക് അനുമതി

Second show allowed in Kerala

കൊവിഡ് 19 എന്ന മഹാമാരിമൂലം പ്രതിസന്ധിയിലായിരുന്ന തിയേറ്ററുകള്‍ വീണ്ടും സജീവമായിത്തുടങ്ങുന്നു. സംസ്ഥാനത്തെ തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോകള്‍ക്ക് അനുമതി നല്‍കി. ഇതിനുപുറമെ തിയേറ്ററുകള്‍ക്ക് ഏര്‍പ്പെടുത്തിയ സമയനിയന്ത്രണത്തിലും ഇളവ് അനുവദിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ തിയേറ്ററുകളുടെ പ്രവര്‍ത്തന സമയം ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 12 മണി വരെയാക്കിയാണ് പുനഃക്രമീകരിച്ചിരിയ്ക്കുന്നത്. സെക്കന്‍ഡ് ഷോ അനുവദിച്ചില്ലെങ്കില്‍ തിയേറ്ററുകള്‍ അടച്ചിടേണ്ടി വരുമെന്നായിരുന്നു ഉടമകളുടെ പരാതി. സെക്കന്‍ഡ് ഷോയ്ക്ക് അനുമതി നല്‍കാതിരുന്നതിനെ തുടര്‍ന്ന് സിനിമകളുടെ റിലീസുകളും നിര്‍മാതാക്കള്‍ മാറ്റിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം വിലയിരുത്തിയ ശേഷമാണ് സെക്കന്‍ഡ് ഷോയ്ക്ക് സംസ്ഥാനത്തെ തിയേറ്ററുകളില്‍ അനുമതി നല്‍കിയിരിയ്ക്കുന്നത്.

അതേസമയം സെക്കന്‍ഡ് ഷോ അനുവദിച്ചതോടെ മമ്മൂട്ടി ചിത്രം പ്രീസ്റ്റ് മാര്‍ച്ച് 11 മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മഞ്ജു വാര്യര്‍ ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Story highlights: Second show allowed in Kerala