‘വര’ കൊണ്ട് മനുഷ്യരെ നന്നാക്കാനിറങ്ങിയവള്‍

April 7, 2021
Story of Rouble Nagi Art Foundation

റൂബിള്‍ നാഗി, വെറുമൊരു പേരല്ല. സ്വന്തം ജീവിതംകൊണ്ട് അനേകര്‍ക്ക് പ്രചോദനമേകുന്ന ചുരുക്കം ചിലരില്‍ ഒരാള്‍. കലയെ ഏറെ സ്‌നേഹിക്കുന്ന റൂബിള്‍ കലകൊണ്ട് തന്നെ മനുഷ്യരില്‍ മാറ്റങ്ങളുണ്ടാക്കാനുള്ള ശ്രമത്തിലാണ്. കലയുടെ ശക്തി തിരിച്ചറിഞ്ഞ ഇവര്‍ ഇന്ന് അനേകരുടെ ജീവിതത്തില്‍ വെളിച്ചമാകുന്നു.

നല്ലൊരു ചിത്രംവരക്കാരിയാണ് റൂബിള്‍. ചേരികളിലെ പൊതു ഇടങ്ങളാണ് പ്രധാനമായും റൂബിളിന്റെ ക്യാന്‍വാസ്. ഇത് തന്നെയാണ് ഇവരെ മറ്റ് കലാകാരില്‍ നിന്നും ഏറെ വ്യത്യസ്തയാക്കുന്നതും. ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിനാണ് പ്രധാനമായും റൂബിള്‍ തന്റെ വരയെന്ന വരത്തെ വിനിയോഗിക്കുന്നത്.

ഇരുപതിലേറെ വര്‍ഷങ്ങളായി റൂബിള്‍ കലാരംഗത്ത് സജീവമാണ്. എന്നാല്‍ കലയെ മറ്റുള്ളവര്‍ക്ക് വേണ്ടി വിനിയോഗിക്കുക എന്നതായിരുന്നു ഇവരുടെ ആഗ്രഹം. അങ്ങനെയാണ് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് റൂബിള്‍ നാഗി ആര്‍ട്ട് ഫൗണ്ടേഷന്‍ എന്ന സംഘടനയ്ക്ക് തുടക്കമാകുന്നത്. സമൂഹത്തില്‍ അകറ്റിനിര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടി ഫലപ്രദമായ കാര്യങ്ങള്‍ ചെയ്യുക എന്നതാണ് ഫൗണ്ടേഷന്റെ ലക്ഷ്യം.

Read more: ഒരു രൂപയ്ക്ക് ഇഡ്ഡലി നല്‍കുന്ന കമലത്താള്‍ മുത്തശ്ശിയുടെ ഏറ്റവും വലിയ സ്വപ്‌നവും സഫലമായി

അതുകൊണ്ടുതന്നെ ചേരി പ്രദേശങ്ങള്‍ ഫൗണ്ടേഷന്റെ പ്രധാന കര്‍മ മേഖലയായി. അവിടെയുള്ളവര്‍ക്ക് വിദ്യാഭ്യാസം, ശുചിത്വത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം, സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്‌ക്കെല്ലാം പ്രാധാന്യം നല്‍കിക്കൊണ്ടാണ് റൂബിള്‍ നാഗി ആര്‍ട്ട് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍.

പാവപ്പെട്ട ജനങ്ങളുടെ ജീവിതരീതി മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് റൂബിള്‍ നാഗി ഫൗണ്ടേഷന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. ഒരു വ്യക്തിയിലൂന്നാതെ ഒരു വിഭാഗത്തിന്റെ വളര്‍ച്ചയ്ക്കായാണ് റൂബിളിന്റേയും കൂട്ടരുടേയും പ്രവര്‍ത്തനം. രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ദില്ലി തുടങ്ങി ദേശങ്ങളുടെ അതിര്‍വരമ്പുകളെല്ലാം ഭേദിച്ച് ഈ സംഘം ചിത്രരചനയിലൂടെ നാടും മനുഷ്യരേയും നന്നാക്കാനിറങ്ങിയിരിക്കുകയാണ്.

മികച്ച പ്രതികരണങ്ങളും പ്രോത്സാഹനങ്ങളുമാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്നതും. ചേരി പ്രദേശങ്ങളിലെ വീടുകളുടേയും മറ്റ് ചുവരുകള്‍ പെയിന്റ് ചെയ്യാറുണ്ട് ഇവര്‍. ഒപ്പം വ്യത്തിയും ശുചിത്വവുമൊക്കെ ഓരോരുത്തരേയും ബോധ്യപ്പെടുത്തുന്നു. ഇതിനൊപ്പം തന്നെ ചേരി നിവാസികള്‍ക്ക് തൊഴില്‍ സാധ്യത ഉറപ്പാക്കാനും റൂബിള്‍ നാഗി ഫൗണ്ടേഷന്‍ ശ്രമിക്കുന്നുണ്ട്. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് കലയെ സമൂഹത്തിന്റെ നന്മയ്ക്കായി വിനിയോഗിക്കുകയാണ് റൂബിളും കൂട്ടരും ചേര്‍ന്ന്.

Story highlights: Story of Rouble Nagi Art Foundation