ആ വിസ്മയം അത് എത്ര കൊല്ലമെടുക്കും ഒരാൾ അങ്ങനെയാവാൻ..? ലാലേട്ടന് പിറന്നാൾ ആശംസകളുമായി ജയസൂര്യ

അഭിനേതാവായും ചേട്ടനായും സുഹൃത്തായുമൊക്കെ വന്ന് ഒരു ജനതയുടെ മുഴുവൻ ഹൃദയങ്ങൾ കവർന്നതാണ് മോഹൻലാൽ എന്ന അതുല്യ പ്രതിഭ. 61 ന്റെ നിറവിൽ നിൽക്കുന്ന മോഹൻലാലിന് പിറന്നാൾ ആശംസകളുമായി സിനിമ ലോകത്ത് നിന്നുമായി നിരവധിപ്പേർ എത്തുന്നുണ്ട്. ഇപ്പോഴിതാ ഏറെ ശ്രദ്ധിക്കപ്പെടുകയാണ് ചലച്ചിത്രതാരം ജയസൂര്യ മോഹൻലാലിനെക്കുറിച്ച് പങ്കുവെച്ച കുറിപ്പ്.

ഇന്ന് ലാലേട്ടന്റെ ജന്മദിനം, കാഴ്ച്ചയുറച്ച നാൾമുതൽ കാണുന്ന മുഖമാണ്. സ്വാഭാവികമായും അതിനോട് അത്ഭുതം കലർന്ന ആരാധന ഞാനെന്നല്ല ഏതു മലയാളിയ്ക്കും ഉണ്ടാവും. ഈയടുത്തായി ചില കഥാപാത്രങ്ങൾ അനുഭവിക്കുമ്പോൾ, അനുഭവിക്കുന്നയാളും അനുഭവവും ഒന്നായി മാറുന്ന ചില വിസ്മയ നിമിഷങ്ങൾ ചില കലാകാരൻമാർക്ക് ഉണ്ടായിട്ടുള്ളത് പോലെ എനിക്കും ഉണ്ടായിട്ടുണ്ട്. ആ ഒരു ശൂന്യതയാണ് പിന്നീടും ഞാനും ആഗ്രഹിക്കുന്നത്, അന്വേഷിക്കുന്നത്.

Read also:അമേരിക്കയിലെ ഉയർന്ന ജോലി ഉപേക്ഷിച്ച് നാട്ടിലെ കൃഷിയിടത്തിലേക്ക്; അവിടെനിന്നും കോടികൾ വരുമാനം നേടുന്ന പാൽക്കച്ചവടക്കാരനിലേക്ക്…

ഇതിനെകുറിച്ച് ലാലേട്ടനെ കാണുമ്പോ പലപ്പോലും ഞാൻ ചോദിച്ചിട്ടുണ്ട് ” ലാലേട്ടാ.. എങ്ങനെയാ.. ഇങ്ങനെയൊക്കെ അഭിനയിക്കണേ.. ? ലാലേട്ടൻ പറയും ” മോനേ അത് നമ്മളലല്ലോ നമ്മൾ പ്രകൃതിയെ ഏൽപ്പിക്കയല്ലേന്ന്. ഈ പ്രകൃതിയെ എൽപ്പിച്ച് പ്രകൃതി തന്നെയായി മാറുന്ന ആ പൂർണ്ണത, ആ വിസ്മയം അത് എത്ര കൊല്ലമെടുക്കും ഒരാൾ അങ്ങനെയാവാൻ ? ലാലേട്ടൻ എന്ന് മുതലായിരിക്കും ആ പൂർണ്ണതയിൽ എത്തീട്ടുണ്ടാകുക ?എന്നോട് ചോദിച്ചാൽ ഞാൻ പറയും അത് “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ” മുതൽ തന്നെയെന്ന്. പ്രീയ ഗുരുനാഥന് ജന്മദിനാർച്ചന. ജയസൂര്യ കുറിച്ചു.

Story Highlights:Actor jayasurya birthday wishes to mohanlal