‘നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ’; സച്ചിയുടെ ഓർമ്മകളിൽ ഭാര്യ സിജി

കലാലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ടായിരുന്നു സംവിധായകൻ സച്ചി അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. സച്ചിയുടെ വിവാഹ വാർഷികദിനത്തിൽ ഭാര്യ സിജി ആലപിച്ച ഗാനമാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ മുഴുവൻ വേദനയാകുന്നത്. യുവസംവിധായിക ആയിഷ സുൽത്താനയാണ് പാട്ട് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ വേദനയോ..’ എന്ന ഗാനമാണ് സിജി പാടിയിരിക്കുന്നത്. സച്ചി ബാക്കി വെച്ചിട്ട് പോയ കർമ്മം സിജിയിലൂടെ നമ്മിലേക്ക് എത്തും’ എന്ന് കുറിച്ചുകൊണ്ടാണ് ആയിഷ പാട്ട് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

‘ഇതെൻ്റെ സിജി ചേച്ചി പാടിയതാണ്. ഭുമിയിൽ നിന്നും ആരും ഒരിക്കലും നമ്മേ വിട്ട് പോവില്ല… അവരുടെ ഓർമ്മകൾ അവർ ചെയ്ത കർമ്മങ്ങൾ ഇന്നും നമ്മൾ ഓർക്കുന്നുണ്ടെങ്കിൽ ഒന്നുറപ്പിച്ചോ അവർ പറയാൻ ബാക്കിവെച്ച കാര്യങ്ങൾ ഇനിയും ഒരുപാട് ഉണ്ട്. ആ തിരിച്ചറിവ് ഒരാളിൽ ഉണ്ടാവുമ്പോൾ ആണ് ആ ബാക്കി വെച്ച കർമ്മങ്ങൾ ഏറ്റെടുത്ത് ചെയ്യാനുള്ള ശക്തി നമ്മിൽ ഉണ്ടാക്കി എടുക്കുന്നത്, സച്ചി സാർ ബാക്കി വെച്ചിട്ട് പോയ കർമ്മം സിജി ചേച്ചിയിലൂടെ നമ്മിലേക്ക് എത്തും… ഉറപ്പ്.’ എന്നാണ് ആയിഷ വിഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്.

Read also;കൊവിഡ് ബാധിതർക്ക് സഹായഹസ്തവുമായി മമ്മൂട്ടി; നന്ദി പറഞ്ഞ് ഹൈബി ഈഡൻ

പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘അയ്യപ്പനും കോശിയും’ ആണ് സച്ചിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ഈ ചിത്രം നേടിയത്. സച്ചി സംവിധാനം ചെയ്യാനിരുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ സംവിധാനം ഏറ്റെടുത്തിരിക്കുകയാണ് സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന്‍ നമ്പ്യാര്‍. പൃഥ്വിരാജാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. വിലായത്ത് ബുദ്ധ എന്ന ഇന്ദുഗോപന്റെ നോവലിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയൊരുങ്ങുന്നത്. മറയൂരിലെ കാട്ടില്‍ ഒരു ഗുരുവും ശിഷ്യനും തമ്മില്‍ അപൂര്‍വമായ ചന്ദനത്തടിക്കായി നടത്തുന്ന ഒരു യുദ്ധകഥയാണ് വിലായത്ത് ബുദ്ധ എന്ന നോവല്‍.

Story Highlights: Siji shares memories of Director Sachy