കൊവിഡ് കാലത്ത് ആയിരങ്ങൾക്ക് ഭക്ഷണം വിളമ്പി ബോളിവുഡ് താരവും കുടുംബവും; പിന്തുണ അറിയിച്ച് സോഷ്യൽ മീഡിയ സുഹൃത്തുക്കൾ

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി മൂലം നിരവധിപ്പേരാണ് ദുരിതമനുഭവിക്കുന്നത്. ദുരിതബാധിതർക്ക് സഹായഹസ്തവുമായി നിരവധിപ്പേർ എത്തുന്നുണ്ട്. അത്തരത്തിൽ വിശന്നിരിക്കുന്നവർക്ക് ഭക്ഷണപ്പൊതികളുമായെത്തി മാതൃകയാകുകയാണ് ബോളിവുഡ് താരം സണ്ണി ലിയോണും കുടുംബവും. സണ്ണി ലിയോണും ഭർത്താവ് ഡാനിയേലിനൊപ്പം ചേർന്ന് മുംബൈയിലെ തെരുവോരങ്ങളിൽ അലയുന്ന ആയിരക്കണക്കിന് ആളുകൾക്കാണ് ഭക്ഷണം വിളമ്പിയത്.

തെരുവോരങ്ങളിൽ കഴിയുന്നവർക്കായി ആയിരത്തിലധികം ഭക്ഷണപ്പൊതികളുമായാണ് സണ്ണി ലിയോൺ എത്തിയത്. ചോറ്, ദാൽ, കിച്ചടി എന്നിവയ്ക്ക് പുറമെ പഴവർഗങ്ങളും ഉൾപ്പെടുത്തിയാണ് ഭക്ഷണപ്പൊതികൾ നൽകിയത്. അതേസമയം നേരത്തെ ദുരിതത്തിലായ ഇതരസംസ്ഥാന തൊഴിലാളികളെ സഹായിക്കുന്നതിനായി ഒരു എൻജിഓയുമായി ചേർന്ന് ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം നൽകി സണ്ണി ലിയോൺ സോഷ്യൽ ഇടങ്ങളുടെ കൈയടി നേടിയിരുന്നു.

Read also;‘അമ്മൂമ്മക്കിളി വായാടി…’ശബ്ദത്തിലെ മാജിക്കിനൊപ്പം അതിമനോഹരമായി ആടിപ്പാടി ദേവനക്കുട്ടി, ക്യൂട്ട് വിഡിയോ

അതേസമയം താൻ ചെയ്യുന്നത് ഒരു വലിയ കാര്യമായി കരുതുന്നില്ല, പരസ്പരം കരുണയും പിന്തുണയും നൽകേണ്ട സമയമാണിത്. അങ്ങനെയെങ്കിൽ മാത്രമേ ഈ ഘട്ടത്തെ നമുക്ക് തരണം ചെയ്യാനാകൂ എന്നും സണ്ണി ലിയോൺ പറയുന്നു. നിരവധിപ്പേരാണ് സണ്ണി ലിയോണിനും കുടുംബത്തിനും പിന്തുണയുമായി എത്തുന്നത്. ‘വിശക്കുന്നവന്റെ വിശപ്പകറ്റുന്നതിനേക്കാൾ വലിയ നന്മ ഇല്ല’ എന്നാണ് പലരും സോഷ്യൽ ഇടങ്ങളിൽ കുറിയ്ക്കുന്നത്.

Story Highlights:sunny leone and family supply food boxes to the needy