കാഴ്ചാവൈകല്യമുള്ള മകനുവേണ്ടി കണ്ണട നിർമിച്ച് തുടക്കം; ഇന്ന് നൂറോളം ആളുകളുടെ കാഴ്ചാപ്രശ്നങ്ങൾ പരിഹരിക്കാനൊരുങ്ങി ഒരു കുടുംബം

July 2, 2021

മക്കളോടുള്ള സ്നേഹം മാതാപിതാക്കളെ ചിലപ്പോൾ മാന്ത്രികരാക്കുമെന്ന് പറഞ്ഞുകേൾക്കാറുണ്ട്.. എന്നാൽ മാന്ത്രികൻ മാത്രമല്ല ചിലപ്പോൾ കവിയും കലാകാരനും മറ്റുചിലപ്പോൾ ഗവേഷകരുമടക്കം അങ്ങനെ പലരുമാക്കാറുണ്ട്. ഇപ്പോഴിതാ മകന്റെ കാഴ്ചാപരിമിതി പരിഹരിക്കാൻ സ്വന്തമായി ഒരു കണ്ണട നിർമിച്ചിരിക്കുകയാണ് സ്പെയ്നിയിലെ ബാഴ്‌സലോണയിലുള്ള ഒരു കുടുംബം.

ബിയൽ എന്ന മകന് വേണ്ടിയാണ് ഈ മാതാപിതാക്കൾ കണ്ണട തയാറാക്കിയത്. ബിയലിന് രണ്ട് വയസ്സുള്ളപ്പോഴാണ് മാതാപിതാക്കൾ കുഞ്ഞിന്റെ കണ്ണിന് കാഴ്ചക്കുറവുണ്ടെന്ന് കണ്ടെത്തിയത്. നന്നായി നടക്കാൻ പഠിച്ചതിന് ശേഷവും ബിയൽ ഇടയ്ക്കിടെ തട്ടിവീഴുന്നത് സ്ഥിരമായിരുന്നു. ഇതോടെ കുഞ്ഞിനെ ഡോക്ടറുടെ അടുത്തെത്തിച്ചപ്പോഴാണ് കുഞ്ഞിന് കാഴ്ചാവൈകല്യമുള്ള വിവരം ഈ മാതാപിതാക്കൾ അറിഞ്ഞത്. പടികൾ കയറുമ്പോഴും വായിക്കുമ്പോഴും ഇടയ്ക്കിടെ ബിയലിന് ഈ തടസം ഉണ്ടാകും. എന്നാൽ സർജറിയിലൂടെ മകന്റെ ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് മകന് വേണ്ടി പുതിയൊരു കണ്ണട ഉണ്ടാക്കാൻ ഈ മാതാപിതാക്കൾ തീരുമാനിച്ചത്.

Read also; അവിശ്വസനീയമായ കാഴ്ചകൾ സമ്മാനിച്ച് ഷാംപെയ്ൻ പൂൾ; അറിയാം സ്വർണ്ണവും വെള്ളിയും പുറന്തള്ളുന്ന തടാകത്തെക്കുറിച്ച്…

സുഹൃത്തുക്കളുടെയും ഡോക്ടറുമാരുടെയും സഹായത്തോടെയാണ് ബിയലിന്റെ പിതാവ് ജെയിം പ്യൂഗ് കണ്ണട നിർമിച്ചത്. തങ്ങളുടെ സമ്പാദ്യം കൊണ്ടുമാത്രം ഇത് പരിഹരിക്കാൻ കഴിയില്ലെന്ന് മനസിലാക്കിയതോടെ നിരവധി സന്നദ്ധ സംഘടനകളുടെയും സഹായം ഈ കുടുംബം തേടി. അങ്ങനെ ത്രിഡി ഇഫക്ടുള്ള ഒരു ഡിജിറ്റൽ ഡിവൈസ് മകനായി ഇവർ തയാറാക്കി. ഈ ഉദ്യമം വിജയിച്ചതോടെ ഇന്ന് വിവിധ ഇടങ്ങളിൽ ഇത്തരത്തിൽ കാഴ്ചാവൈകല്യം നേരിടുന്ന കുട്ടികൾക്കായി കണ്ണടകൾ നിർമ്മിക്കുന്നതിന്റെ തിരക്കിലാണ് ഈ കുടുംബം.

Story highlights; Couple Develops High-Tech ‘Glasses’ To Help Son See Better