‘ഒളിമ്പിക്സിന്റെ മാന്ത്രികത കൊണ്ട് തിളങ്ങുന്ന ടോക്കിയോ നഗരം’- ബഹിരാകാശത്തുനിന്നുള്ള അമ്പരപ്പിക്കുന്ന ദൃശ്യം പങ്കുവെച്ച് നാസ

July 30, 2021

ഒളിമ്പിക്സ് ആവേശത്തിലാണ് ടോക്കിയോ. ലോകത്തിന്റെ ശ്രദ്ധമുഴുവൻ ജപ്പാൻ നഗരത്തിലേക്ക് ആകർഷിച്ചിരിക്കുകയാണ് ഒളിമ്പിക്സ്. ഇപ്പോഴിതാ, ടോക്കിയോ നഗരത്തിന്റെ ആകാശ ദൃശ്യം പുറത്തുവിട്ടിരിക്കുകയാണ് നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാസ സ്പേസ് എക്സ് ക്രൂ -2 ദൗത്യത്തിന്റെ കമാൻഡർ ആയ ബഹിരാകാശയാത്രികൻ ഷെയ്ൻ കിംബ്രോയാണ് ചിത്രം പകർത്തിയത്.

ചിത്രത്തിൽ ജപ്പാൻ നഗരം പ്രകാശിക്കുകയാണ്. നീല നിറത്തിൽ പസഫിക് സമുദ്രത്താൽ ചുറ്റപ്പെട്ട ടോക്കിയോ രാത്രിയിൽ പോലും പ്രകാശപൂരിതമാണ് എന്ന് ചിത്രത്തിൽ കാണാം. ഒളിമ്പിക്സിന്റെ മാന്ത്രികതകൊണ്ട് രാത്രിയിൽ ടോക്കിയോ തിളങ്ങുന്നു എന്നാണ് നാസ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

Read More: ‘അയ്യോ, മഞ്ജു ‘വാരി’യെ അറിയില്ലേ?സിനിമയിലൊക്കെ ഉള്ളയാളാ..’- രമേഷ് പിഷാരടിയെ കുഴപ്പിച്ച് മേഘ്‌നക്കുട്ടി

അതിശയകരമായ ചിത്രം സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധനേടി. 6.8 ലക്ഷത്തിലധികം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്. ഒരു ചിലന്തി വല പോലെയാണ് ഈ കാഴ്ച എന്നാണ് ചിലർ കമന്റ്റ് ചെയ്തിരിക്കുന്നത്.അതേസമയം, കൊവിഡ് പ്രതിസന്ധി കാരണം അടുത്ത വർഷത്തേക്ക് മാറ്റിവെച്ച ടോക്കിയോ ഒളിമ്പിക്സ് 2021 ജൂലൈ 23നാണ് ആരംഭിച്ചത്. ജപ്പാൻ നാഷണൽ സ്റ്റേഡിയത്തിലാണ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങ് നടന്നത്. ഈ വർഷം 11,300 ൽ അധികം കായികതാരങ്ങൾ ഒളിമ്പിക് ഗെയിംസിൽ പങ്കെടുക്കുന്നുണ്ട്. ടോക്കിയോ ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങ് ഓഗസ്റ്റ് 8 ന് നടക്കും.

Story highlights- NASA shares tokyo city image from space