മണലിൽത്തീർത്ത ഭീമൻ കോട്ട; മാസങ്ങളോളം കേടുകൂടാതെ ഇരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മണൽകോട്ടയ്ക്ക് പിന്നിൽ…

July 10, 2021

മനുഷ്യന്റെ നിർമിതികൾ പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്…അത്തരത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുകയാണ് മണൽതരികളിൽ തീർത്ത ഭീമൻ കോട്ട. കടൽത്തീരത്ത് മണൽവീടുകളും കൊട്ടാരങ്ങളുമൊക്കെ നാം നിർമിക്കാറുണ്ട്. എന്നാൽ അതിന്റെയൊക്കെ ആയുസ് വെറും മിനിറ്റുകൾ മാത്രമായിരിക്കും. അതിൽ നിന്നൊക്കെ ഏറെ വ്യത്യസ്തമാകുകയാണ് മാസങ്ങളോളം നിലനിൽക്കുന്ന ഭീമൻ മണൽകോട്ട. ഡെന്മാർക്കിലെ കടൽത്തീരത്ത് ഒരുക്കിയിരിക്കുന്ന ഒരു മണൽകോട്ടയ്ക്ക് 20 മീറ്ററാണ് ഉയരം.

ലോകത്തിലെ ഏറ്റവും വലിയ മണൽകോട്ടയായിരുന്ന ജർമ്മനിയിൽ നിർമിച്ച മണൽകോട്ടയെ പിന്നിലാക്കികൊണ്ടാണ് ഡെന്മാർക്കിൽ ഈ പുതിയ മണൽകോട്ട നിർമിച്ചിരിക്കുന്നത്. ഏകദേശം 5000 ടൺ മണൽ ഉപയോഗിച്ചുകൊണ്ടാണ് ഈ കോട്ട നിർമിച്ചിരിക്കുന്നത്. അതേസമയം ഡച്ച് കലാകാരനായ വിൽഫ്രഡ് സ്റ്റിജ്ഗറാണ് ഈ മണൽകോട്ടയുടെ നിർമാണത്തിന് പിന്നിൽ.

Read also;ഒരു മുന്തിരിയുടെ വില 35,000; അറിയാം റൂബി റോമൻ ഗ്രേപ്സിനെക്കുറിച്ച്

കടൽത്തീര ഗ്രാമമായ ബ്ലോക്കൂസിലാണ് പിരമിഡിന്റെ മാതൃകയിലുള്ള ഈ കോട്ട നിർമിച്ചിരിക്കുന്നത്. അടുത്ത ഫെബ്രുവരി മാർച്ച് മാസം വരെ നശിക്കാതെ ഈ കോട്ട നിലനിൽക്കും എന്നാണ് ഇതിന്റെ നിർമാതാക്കൾ അഭിപ്രായപ്പെടുന്നത്. മണലിനൊപ്പം കളിമണ്ണും പശയും ചേർത്താണ് ഈ കോട്ട നിർമിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഈ കോട്ട കേടുകൂടാതെ മാസങ്ങളോളം നിലനിൽക്കുന്നത്. കൊറോണ എന്ന മഹാമാരി നമ്മുടെ മേൽ ആധിപത്യം സ്ഥാപിച്ചതിന്റെ പ്രതീകമായാണ് ഈ നിർമിതി എന്നാണ് കലാകാരൻ അഭിപ്രായപ്പെടുന്നത്.

Story Highlights: worlds tallest sandcastle lasts for months