‘ഇപ്പൊ ശരിയാക്കിത്തരാം’; ശ്രദ്ധേയമായി നസ്‌ലിൻറെ വിഡിയോ

സിനിമ പ്രേമികൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് ഇന്ദ്രൻസ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹോം. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുടുംബപ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രത്തിൽ ഇന്ദ്രൻസിന്റെ ഇളയമകനായി വേഷമിട്ട നസ്‌ലൻറെ പ്രകടനവും ഏറെ കൈയടിനേടിയിരുന്നു. ഇപ്പോഴിതാ നസ്‌ലന്റെ ഡബ്ബിംഗ് സമയത്തെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ റോജിന്‍ തോമസ്. ചിത്രത്തിലെ ഒരു ഡയലോഗ് ഡബ്ബ് ചെയ്യുന്നതിനായി പല തവണ ആവര്‍ത്തിക്കുന്ന നസ്‌ലന്റെ വീഡിയോയാണ് സംവിധായകൻ പുറത്തുവിട്ടിരിക്കുന്നത്.

ശ്രീനാഥ് ഭാസി, ജോണി ആന്റണി, മഞ്ജു പിള്ള, മണിയന്‍പിള്ള രാജു, അനൂപ് മേനോന്‍, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, ദീപ തോമസ്, വിജയ് ബാബു തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. രാഹുല്‍ സുബ്രഹ്‌മണ്യം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നീല്‍ ആണ് ഛായാഗ്രഹണം.

Read also: ചിരിപ്പിച്ച് കിഡ്നാപ്പർ ഡിസ്‌നിയും കൂട്ടരും; ശ്രദ്ധനേടി ‘പിടികിട്ടാപ്പുള്ളി’ ട്രെയ്‌ലർ

റോജിൻ തോമസ് സംവിധാനം നിർവഹിക്കുന്ന ചിത്രം ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ഒരുക്കുന്നത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ നര്‍മത്തിനും പ്രാധാന്യം നല്‍കിയിട്ടുണ്ട്. അതേസമയം ഇന്ദ്രന്‍സിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നാണ് ഹോം. ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെയാണ് ഇന്ദ്രൻസ് അവതരിപ്പിച്ചിരിക്കുന്നത്. 1981-ല്‍ മലയാള സിനിമയില്‍ തുടക്കംകുറിച്ചതാണ് ഇന്ദ്രന്‍സ്. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് സുപരിചിതനായതെങ്കിലും ഇന്ദ്രന്‍സ് എന്ന കലാകാരന്‍ വെള്ളിത്തിരയില്‍ എക്കാലവും ഒരുക്കുന്നത് അവിസ്മരണീയ കഥാപാത്രങ്ങളെ തന്നെയാണ്.

Story highlights: Home Movie viral video