അഭിനയമികവില്‍ വിജയ് സേതുപതി; ശ്രദ്ധ നേടി ‘തുഗ്ലക് ദര്‍ബാര്‍’ ട്രെയ്‌ലര്‍

തമിഴകത്ത് മാത്രമല്ല മലയാളക്കരയിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വ്യത്യസ്തത കൊണ്ടും തൊട്ടതെല്ലാം പൊന്നാക്കുന്നു താരം. ‘മക്കള്‍ സെല്‍വന്‍’ എന്നാണ് ആരാധകര്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം വിളിക്കുന്നതുപോലും. ഏറെ ജനകീയനുമാണ് വിജയ് സേതുപതി. വെള്ളിത്തിരയ്ക്ക് പുറത്തുള്ള അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പോലും ശ്രദ്ധ നേടാറുണ്ട്.

വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് തുഗ്ലക്ക് ദര്‍ബര്‍. ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍. സെപ്റ്റംബര്‍ 10 ന് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലൂടെ പ്രേക്ഷകരിലേക്കെത്തും. സിംഗാരവേലന്‍ എന്ന ഒരു രാഷ്ട്രീയ നേതാവായാണ് ചിത്രത്തില്‍ വിജയ് സേതുപതിയെത്തുന്നത്. അടുത്തിടെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ വിഡിയോ ഗാനവും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയിരുന്നു.

Read more: ഭൂമിക്ക് 400 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നും ഇങ്ങനെ പിസ്സ കഴിക്കാം; വൈറലായി ബഹിരാകാശത്ത് നിന്നൊരു വിഡിയോ

നവാഗതനായ ഡല്‍ഹി പ്രസാദ് ദീനദയാലന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ബാലാജി തരണീതരന്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നര്‍മ്മം ഇഴചേര്‍ത്ത ഫാന്റസി ചിത്രമാണ് തുഗ്ലക്ക് ദര്‍ബാര്‍. വിജയ് സേതുപതിക്കൊപ്പം പാര്‍ത്ഥിപന്‍, റാഷി ഖന്ന, മഞ്ജിമ മോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാറാണ് നിര്‍മാണം.

Story highlights: Vijay Sethupathi Tughlaq Durbar Official Trailer