പ്രിയപ്പെട്ട കുതിരയ്ക്കും നായക്കും ഒപ്പം സഞ്ചാരം; ഈ എണ്‍പത്കാരിക്ക് പ്രായം വെറും നമ്പര്‍

80-Year-Old Jane Dotchin Who Treks 1,000 Km Every Year With Her Horse And Dog

ചിലരെ കണ്ടാല്‍ പലരും പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ‘പ്രായമൊക്കെ വെറും നമ്പറല്ലേ…’ എന്ന്. ചിലരുടെ കര്യത്തില്‍ ഇത് ശരിയാണ്. കാരണം പ്രായത്തെ വെല്ലാറുണ്ട് ഇത്തരക്കാരുടെ ചില പ്രവൃത്തികള്‍. പ്രായം വാര്‍ധക്യത്തിലെത്തിയിട്ടും മനസ്സില്‍ ചെറുപ്പം സൂക്ഷിക്കുന്നവരും ഏറെയാണ്. ജെയ്ന്‍ ഡോച്ചിന്‍ എന്ന മുത്തശ്ശിയേയും ഈ ഗണത്തില്‍ ഉള്‍പെടുത്താം.

എണ്‍പത് വയസ്സ് പ്രായമുണ്ട് ജെയ്ന്‍ ഡോച്ചിന്. എന്നാല്‍ ഇപ്പോഴും പ്രിയം സഞ്ചാരമാണ്. നിരവധി ദൂരങ്ങളും ഇവര്‍ താണ്ടിയിട്ടുണ്ട്. അതും പ്രിയപ്പെട്ട കുതിരയ്ക്കും നായയ്ക്കും ഒപ്പം. നോര്‍ത്ബര്‍ലാന്‍ഡിലെ ഹെക്ഷാം സ്വദേശിനിയാണ് ജെയ്ന്‍ ഡോച്ചിന്‍. എല്ലാ വര്‍ഷവും ഇവര്‍ ഏഴ് ആഴ്ചത്തെ ഒരു സവാരി നടത്തും.

വര്‍ഷങ്ങള്‍ ഏറെയായി ജെയ്ന്‍ ഡോച്ചിന്‍ ഈയൊരു ശീലം തുടങ്ങിയിട്ട്. കൃത്യമായി പറഞ്ഞാല്‍ 1972 മുതല്‍. ഡയമണ്ട് എന്നാണ് ജെയിന്‍ ഡോച്ചിന്റെ കുതിരയുടെ പേര്. പരിക്ക് പറ്റിയിട്ടുള്ള ഒരു നായയുമുണ്ട് സവാരിക്ക് ഇവര്‍ക്കൊപ്പം. ആദ്യമായി യാത്ര ചെയ്തപ്പോള്‍ 965 കിലോമീറ്റര്‍ കുതിരയ്‌ക്കൊപ്പം ജെയിന്‍ ഡോച്ചിന്‍ സഞ്ചരിച്ചിരുന്നു. സ്‌കോട്ടിഷ് പ്രദേശത്തിലൂടെയായിരുന്നു സഞ്ചാരം. ഇതേ രീതിയില്‍ ഇപ്പോഴും എല്ലാ വര്‍ഷവും സവാരിക്കിറങ്ങുകയാണ് ഇവര്‍.

Read more: ശ്രീനിവാസനും ഫിലോമിനയുമായി ഗംഭീര പ്രകടനം: കുട്ടിത്താരങ്ങള്‍ക്ക് കൈയടിച്ച് സോഷ്യല്‍മീഡിയ

ഏഴ് ആഴ്ച നീണ്ടു നില്‍ക്കുന്ന യാത്രയില്‍ ഏകദേശം ആയിരം കിലോമീറ്റര്‍ താണ്ടും. ഓരോ ദിവസവും മുപ്പത് കിലോമീറ്റര്‍ വരെ സഞ്ചരിക്കും. ഇടയ്ക്ക് വിശ്രമവും. കാലാവസ്ഥയ്ക്ക് അനുസരിച്ചാണ് സഞ്ചാരത്തിന്റെ റൂട്ട്മാപ്പ് ക്രമീകരിക്കുന്നത്. ഏറ്റവും അത്യാവശ്യമായ കുറച്ച് സാധനങ്ങള്‍ മാത്രമാണ് യാത്രയ്‌ക്കൊപ്പം കരുതാറ്.

രാത്രിയിലും വിശ്രമ വേളകളിലും ടെന്റ് കെട്ടി താമസിക്കും. പ്രായം എണ്‍പത് ആയെങ്കിലും സാഹസികത നിറഞ്ഞ ഇത്തരം യാത്രകളോട് ജെയ്ന്‍ ഡോച്ചിന് ഒരിക്കല്‍ പോലും മടുപ്പ് തോന്നിയിട്ടില്ല. പല തവണ സഞ്ചരിച്ചിട്ടുള്ളതുകൊണ്ടുതന്നെ കുതിരയ്ക്കും വഴികളൊക്കെ കൃത്യമാണ് എന്നതും കൗതുകം നിറയ്ക്കുന്നു. എന്തായാലും ഉള്‍ക്കരുത്തുകൊണ്ട് സ്വപ്‌നങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കുമൊപ്പം സഞ്ചാരം തുടരുകയാണ് ഈ എണ്‍പതുകാരി….

Story highlights: 80-Year-Old Jane Dotchin Who Treks 1,000 Km Every Year With Her Horse And Dog