നഞ്ചമ്മയുടെ ‘കലക്കാത്ത’ തെലുങ്കിൽ എത്തുമ്പോൾ: ശ്രദ്ധനേടി ‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്കിലെ ടൈറ്റിൽ ഗാനം

സച്ചിയുടെ സംവിധാനത്തിൽ ഒരുങ്ങി ബിജു മേനോനും പൃഥ്വിരാജ് സുകുമാരനും മുഖ്യകഥാപാത്രങ്ങളായ ചിത്രമാണ് അയ്യപ്പനും കോശിയും. സിനിമ ആസ്വാദകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഒരുങ്ങുമ്പോൾ, ഏറെ ശ്രദ്ധനേടുകയാണ് ചിത്രത്തിന്റേതായി പുറത്തുവന്ന ടൈറ്റിൽ ഗാനം. മലയാളത്തിൽ നഞ്ചമ്മ വരികൾ എഴുതി ആലപിച്ച ‘കലക്കാത്ത’ എന്ന ഗാനം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. അതുകൊണ്ടുതന്നെ ഗാനത്തിന്റെ തെലുങ്ക് പതിപ്പിനെയും വളരെ ആവേശത്തോടെയാണ് സിനിമ ആസ്വാദകർ നോക്കിക്കാണുന്നത്. ഭീംല നായക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പവൻ കല്യാൺ ആണ്. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഭീംല നായക്കിലെ ടൈറ്റിൽ ഗാനം അണിയറപ്രവർത്തകർ പങ്കുവെച്ചത്.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ബിജു മേനോൻ അവതരിപ്പിച്ച കഥാപാത്രത്തെയാണ് പവൻ കല്യാൺ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി റാണ ദഗുബട്ടിയാണ് വേഷമിടുന്നത്. സച്ചി സംവിധാനം ചെയ്ത ചിത്രം സാഗർ കെ ചന്ദ്രയാണ് തെലുങ്കിൽ സംവിധാനം ചെയ്യുന്നത്‌. സിതാര എന്റർടൈൻമെന്റ്സാണ് നിർമാണം. തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. നിത്യ മേനോൻ ആണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്. 2022 ജനുവരി 12 ന് ചിത്രം തിയേറ്ററുകളിൽ എത്തും എന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.

Read also; ഇരുകൈകൾകൊണ്ട് ഒരേസമയം എഴുതിയും വരച്ചും കുഞ്ഞുമിടുക്കി; റെക്കോർഡ് നിറവിൽ അൽവിയ

അതേസമയം മലയാളത്തില്‍ നിന്നും ചെറിയ മാറ്റങ്ങളോടെയാണ് തെലുങ്ക് പതിപ്പ് ഇറങ്ങുക. അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ വില്ലന്‍ സ്വഭാവമുള്ള കോശി കുര്യന്‍ എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അതിന്റെ പൂര്‍ണ്ണതയിലെത്തിച്ചു. അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പനായാണ് ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. മികച്ച പ്രകടനം തന്നെയാണ് ചിത്രത്തില്‍ ബിജു മേനോന്‍ കാഴ്ചവയ്ക്കുന്നതും. അതിനാൽ ഈ കഥാപാത്രങ്ങളെ തെലുങ്കിൽ എത്തിക്കുമ്പോൾ മികച്ച പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ.

ചിത്രം ഹിന്ദിയിലേക്ക് എത്തിക്കുമ്പോൾ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ ജെ എ എന്റര്‍ടെയ്ന്‍മെന്റ്‌സാണ്. ചിത്രത്തിന്റെ തമിഴ് റീമേക്കും ഒരുങ്ങുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Story highlights; Ayyappanum Koshiyum telugu remake Title Song