ഫ്‌ളമെന്‍കോ; മലയാളസിനിമയില്‍ ശ്രദ്ധ നേടിയ സ്പാനിഷ്-ഇംഗ്ലീഷ് ഗാനം

Flamenco Lyric Video Song From Koora Movie

പാട്ടുകള്‍ അങ്ങനെയാണ്; ഭാഷയുടേയും ദേശങ്ങളുടേയും അതിരുകള്‍ കടന്നും ശ്രദ്ധ നേടും. കൂറ എന്ന പുതിയ സിനിമയിലെ ഒരു ഗാനവും ഇത്തരത്തില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. സിനിമ മലയാളത്തിലാണെങ്കിലും ചിത്രത്തിലെ ഗാനം സ്പാനിഷ്- ഇംഗ്ലഷ് ഭാഷയിലാണ്. ഇതുതന്നെയാണ് ഈ ഗാനത്തെ ഇത്രമേല്‍ ശ്രദ്ധേയമാക്കിയതും.

ചിത്രത്തിലെ ഫ്‌ളമെന്‍കോ എന്ന ഗാനമാണ് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്നത്. നിതിന്‍ പീതാംബരന്‍ ആണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. അദ്ദേഹവും കീര്‍ത്തി ആനന്ദും ചേര്‍ന്നാണ് ഗാനത്തിന്റെ ആലാപനം. അമിത് കുമാര്‍ ആണ് സ്പാനിഷ് ഇംഗ്ലീഷ് വരികള്‍ തയാറാക്കിയിരിക്കുന്നത്. ഡോ. ദീപേഷ് കരിമ്പുങ്കരയുടേതാണ് ഒറിജിനല്‍ ടെസ്റ്റ്.

ചെന്നൈയിലെ കലാലയം പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് കൂറ. കൊവിഡ് പ്രതിസന്ധിമൂലം തിയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തില്‍ ഒടിടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടേയും സൈന പ്ലേയിലൂടെയുമാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. നവാഗതനായ വൈശാഖ് ജോജന്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്‍ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകനാണ്. ജോജന്‍ സിനിമാസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.

നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്. നായികാ കഥാപാത്രമായ സിസ്റ്റര്‍ ജെന്‍സി ജെയ്സണെ അവതരിപ്പിക്കുന്നത് പുതുമുഖതാരം കീര്‍ത്തി ആനന്ദന് ആണ്. ചിത്രത്തിലെ നായകനുള്‍പ്പെടെയുള്ളവരും പുതുമുഖങ്ങളാണ്. പരിസ്ഥിതി പ്രവര്‍ത്തകനായ പ്രൊ. ശോഭീന്ദ്രന്‍ ഉള്‍പ്പെടെ ഒരുകൂട്ടം കോളജ് അധ്യാപകരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളായെത്തുന്നു.

Story highlights: Flamenco Lyric Video Song From Koora Movie