സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തയാകണം; ദുരിതങ്ങൾക്കിടയിലൂടെ തോണി തുഴഞ്ഞ് സന്ധ്യ

ദുരിതങ്ങൾ അവസാനിക്കുന്നില്ല… കൊവിഡിന് പിന്നാലെ മഴയും വെള്ളപ്പൊക്കവും കൂടി എത്തിയതോടെ നിരവധി സ്കൂളുകളും കോളജുകളുമൊക്കെ അടഞ്ഞുകിടക്കുകയാണ്. ഇപ്പോഴിതാ വിദ്യാഭ്യാസത്തിനായി ഒരു പെൺകുട്ടി നടത്തുന്ന സാഹസീക യാത്രകളുടെ ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നത്. ഉത്തർപ്രദേശ് സ്വദേശിയായ സന്ധ്യ സുഹാനി എന്ന പെൺകുട്ടിയാണ് തന്റെ ഗ്രാമത്തിൽ നിന്നും തോണി തുഴഞ്ഞ് പട്ടണത്തിലെ സ്കൂളിലേക്ക് പോകുന്നത്. കനത്ത മഴയും പ്രളയ ജലവും കാരണം ഏറെ ദുരിതത്തിലാണ് സന്ധ്യ.

സ്മാർട്ട് ഫോൺ ഇല്ലാത്തതിനാൽ വീട്ടിൽ ഇരുന്ന് ക്ലാസുകൾ കൂടാൻ സന്ധ്യയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോൾ സ്കൂളുകൾ തുറന്നപ്പോൾ പ്രളയജലം കാരണം സ്കൂളിലേക്ക് പോകാനും കഴിയാത്ത സാഹചര്യമാണ്. എന്നാൽ പ്രളയജലമോ, സ്മാർട്ട് ഫോണോ ഒന്നും തന്റെ പഠനത്തിന് ഒരു വിലങ്ങുതടിയാകരുത് എന്ന ചിന്തയാണ് സന്ധ്യയെ ഈ പ്രളയകാലത്തും സ്കൂളിലേക്ക് എത്തിക്കുന്നത്. വീട് വെള്ളത്താൽ ചുറ്റപ്പെട്ടിട്ടും സ്കൂളിൽ പോക്ക് മുടക്കാതിരുന്ന ഈ പെൺകുട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ നിരവധിപ്പേരാണ് സന്ധ്യയുടെ നിശ്ചയദാർഢ്യത്തിന് അഭിനന്ദനങ്ങളുമായി എത്തുന്നത്.

Read aslo: സ്കേറ്റിങ്ങിൽ വിസ്‌മയം തീർക്കുന്ന എഴുപത്തിമൂന്നുകാരൻ, വിഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അതേസമയം നേരത്തെ പ്രളയജലം താഴാത്ത സാഹചര്യത്തിൽ ബീഹാറിലെ കതിഹാർ ജില്ലയിലെ മണിഹാരി പ്രദേശത്തെ ചില അധ്യാപകർ തങ്ങളുടെ കുട്ടികളെ സഹായിക്കാനായി മുന്നോട്ടെത്തിയതും വാർത്താ പ്രാധാന്യം നേടിയിരുന്നു. പ്രദേശത്ത് കെട്ടിയിട്ട ബോട്ടുകളിൽ ഇരുന്ന് കുട്ടികൾക്ക് ക്ലാസുകൾ എടുക്കുകയാണ് ഇവിടുത്തെ ചില അധ്യാപകർ. കഴിഞ്ഞ ആറു മാസത്തോളമായി ഇവിടെ പ്രളയജലം താഴാത്ത സാഹചര്യത്തിലാണ് ബോട്ടിൽ ക്ലാസുകൾ എടുക്കുന്നതിനായി ഇവിടുത്തെ അധ്യാപകർ മുന്നോട്ട് വന്നത്.

Story highlights: girl rows boat to reach school amid floods